കൊവിഡിന്റെ മറവില്‍ എയര്‍ ഇന്ത്യയുടെ തീവെട്ടിക്കൊള്ള
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിഷേധിച്ചതിനുപിന്നാലെ അവരെ ഞെക്കിപ്പിഴിയാന്‍ എയര്‍ ഇന്ത്യയും രംഗത്തുവന്നിരിക്കുകയാണ്. എത്ര പ്രവാസികള്‍ വന്നാലും ക്വാറന്റൈന്‍ സൗകര്യം സജ്ജമാണെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ അതില്‍നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലക്ഷം പ്രവാസികള്‍ വന്നാലും സംസ്ഥാനത്തെ ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. എന്നാല്‍, പ്രവാസികള്‍ ക്വാറന്റൈന്‍ ഫീസ് നല്‍കണമെന്ന് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ നയം തിരുത്തുകയും പാവപ്പെട്ട പ്രവാസികള്‍ ക്വാറന്റൈന്‍ ഫീസ് നല്‍കേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ തന്നെ വേണ്ടെന്നുവച്ചിരിക്കുന്നു. മടങ്ങിയെത്തുന്ന പ്രവാസികളെല്ലാം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമുണ്ടോയെന്നും പ്രായോഗികതലത്തില്‍ ഇത് വിജയിക്കുമോ എന്നൊന്നും പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. മടങ്ങിയെത്തുന്ന എല്ലാ പ്രവാസികള്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യമായ ശുചിമുറി ഉണ്ടാകണമെന്നില്ല. വീട്ടില്‍ മതിയായ സൗകര്യമില്ലാത്ത പ്രവാസികള്‍ സ്വാഭാവികമായും പുറത്തിറങ്ങും. ഇത് സമൂഹവ്യാപനത്തിന് ഇടയാക്കുകയും ചെയ്യും.
ഇതിനുപുറമെയാണ് മടങ്ങുന്ന പ്രവാസികളെ ഞെക്കിപ്പിഴിയാന്‍ എയര്‍ഇന്ത്യയും ഒരുങ്ങുന്നത്. കേരളത്തിലേക്കുള്ള ടിക്കറ്റ് ചാര്‍ജ് നിലവിലുള്ളതിന്റെ ഇരട്ടിയാക്കിയാണ് പ്രവാസികളോട് എയര്‍ ഇന്ത്യ വഞ്ചന കാട്ടിയിരിക്കുന്നത്. എയര്‍ ഇന്ത്യയെ വില്‍ക്കാന്‍വച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് സര്‍വിസ് ലാഭകരമാണെന്ന് വാങ്ങാന്‍ വരുന്നവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടാകാം. അതിനുവേണ്ടിയാണ് എല്ലാം നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളെ പിഴിയാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടാവുക.
സഊദിയില്‍നിന്നുള്ള വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വിസുകള്‍ക്ക് ഈ മാസം പത്ത് മുതല്‍ ഇരട്ടി ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഈ ക്രൂരകൃത്യത്തിന് എയര്‍ ഇന്ത്യ തയാറെടുക്കുന്നത്. ദരിദ്രരാഷ്ട്രമായ സോമാലിയയടക്കം അവരുടെ പൗരന്മാരെ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ക്രൂരകൃത്യം മലയാളി പ്രവാസികളോട് കാണിക്കുന്നത്.
കൊവിഡിനെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ പൊറുതിമുട്ടിക്കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേ ഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള എയര്‍ ഇന്ത്യ വിമാന സര്‍വിസ് ഏര്‍പ്പെടുത്തിയത്. സൗജന്യ നിരക്കില്‍ നടത്തേണ്ട സര്‍വിസാണിപ്പോള്‍ നിലവിലുള്ള ചാര്‍ജിന്റെ ഇരട്ടിയാക്കിയിരിക്കുന്നത്. നേരത്തെ ദമാം- കൊച്ചി സര്‍വിസിന് 18,760 രൂപയായിരുന്നു ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോഴത് 33,635 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വിസിനും സമാനമായ രീതിയിലാണ് വര്‍ധന. മെയ് ഏഴിന് പദ്ധതി തുടങ്ങിയപ്പോള്‍ തന്നെ ഈടാക്കിയ നിരക്ക് അധികമാണെന്ന പരാതി ഉയര്‍ന്നിരുന്നു. അതിനുശേഷം വീണ്ടും കൂട്ടി. ഇപ്പോഴിതാ ഇരട്ടിയാക്കിയിരിക്കുന്നു. കൊവിഡിന്റെ മറവില്‍ എന്തു കൊടുംപാതകം ചെയ്താലും പ്രവാസികള്‍ സഹിച്ചുകൊള്ളുമെന്ന എയര്‍ ഇന്ത്യയുടെ ധാര്‍ഷ്ട്യമാണ് ഈ ചാര്‍ജ് കൊള്ളയ്ക്ക് പിന്നില്‍.
ജോലി നഷ്ടപ്പെട്ടവരും ശമ്പളമില്ലാതെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരായവരും വിസിറ്റിങ് വിസയില്‍ എത്തിയവരുമാണ് മടങ്ങുന്നവരില്‍ ഭൂരിഭാഗവും. അവരെയാണ് എയര്‍ ഇന്ത്യ പിഴിയുന്നത്. പലര്‍ക്കും സന്നദ്ധ സംഘടനകളാണ് ടിക്കറ്റിനുള്ള ചാര്‍ജ് നല്‍കുന്നത്. രണ്ടും മൂന്നും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ഈ വര്‍ധിപ്പിച്ച ചാര്‍ജ് താങ്ങാനാവുന്നതിലുമപ്പുറമാണ്. പലരും ടിക്കറ്റെടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. വിദേശ രാഷ്ട്രങ്ങളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ ഒരുങ്ങിയത്.
എംബസികളില്‍ കുന്നുകൂടിക്കിടക്കുന്ന വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് പ്രവാസികള്‍ക്ക് ഒരു ചില്ലിക്കാശ് പോലും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അതിനിടെയാണ് ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇപ്പോള്‍ കഴിയുന്ന മടങ്ങാനിരിക്കുന്ന പ്രവാസികളെ കേന്ദ്രസര്‍ക്കാര്‍ ദ്രോഹിക്കുന്നത്. കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മരിച്ച രാജ്യങ്ങളിലൊന്ന് സഊദിയാണ്. അവിടെയുള്ളവരോടാണ് സര്‍ക്കാര്‍ ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികള്‍ക്കും ഇതുവഴി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള അവസരം തുറന്നുകൊടുത്തിരിക്കുകയാണ് എയര്‍ ഇന്ത്യ.
കൊവിഡിന്റെ മറവില്‍ സാമാന്യ നീതിക്ക് നിരക്കാത്ത എയര്‍ ഇന്ത്യയുടെ നടപടിക്കെതിരേ അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. സാധാരണ പ്രവാസികള്‍ക്ക് ഒരിക്കല്‍പോലും സഹായം ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രോഗാതുരരായി മടങ്ങിക്കൊണ്ടിരിക്കുന്ന ദരിദ്രരായ പ്രവാസികളുടെ അവശേഷിക്കുന്ന രക്തമാണ് ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."