എടക്കല്‍ േറാഡ് സംരക്ഷിക്കാന്‍ നടപടിയില്ല; റോഡ് കൈയേറ്റവും തകൃതി
അമ്പലവയല്‍: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ എടക്കല്‍ ഗുഹയിലേക്കെത്തുന്ന ആയിരംകൊല്ലി-കുപ്പക്കൊല്ലി റോഡ് അപകടാവസ്ഥതയിലേക്ക്. റോഡിനിരുവശവുമുള്ള സ്വകാര്യ വ്യക്തികള്‍ റോഡ് കൈയേറി വേലി കെട്ടിയതിനാല്‍ റോഡില്‍ കാല് നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
മൂന്നു വര്‍ഷം മുന്‍പ് വീതികൂട്ടി ടാറിങ് പൂര്‍ത്തിയാക്കിയ റോഡാണ് സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്താല്‍ അപകടാവസ്ഥയിലേക്കു നീങ്ങുന്നത്. റോഡ് സൈഡില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കിയും റോഡിലേക്ക് കയറ്റി മതില് പണിതും റോഡിനോട് ചേര്‍ന്ന് മണ്ണുകൂട്ടി ജൈവ വേലി നിര്‍മിച്ചിട്ടും കൈയേറ്റം തടയുന്നതിനോ നിയമ നടപടി സ്വീകരിക്കുന്നതിനോ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വിനോദ സഞ്ചാരികളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും ഇഷ്ടകേന്ദ്രമായ എടക്കല്‍ ഗുഹാ റോഡിന്റെ സംരക്ഷണത്തിനായി റോഡ് അളന്നുതിരിച്ച് സംരക്ഷണമൊരുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്ക്കാന് പോലും കഴിയാത്ത വിധം ചിലയിടങ്ങളില്‍ റോഡ് കൈയേറിയിട്ടുണ്ട്. റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ കൈയേറ്റത്തില്‍ എടുത്തുമാറ്റാന്‍ മറന്നതോടെ സ്വകാര്യവ്യക്തികളുടെ സ്ഥലത്താണുള്ളത്. എന്നാല്‍ അധികൃതരുടെ അലംഭാവത്തിനെതിരേ പ്രധിഷേധം ശക്തമായിട്ടുണ്ട്. എടക്കല്‍ ഗുഹാ റോഡില്‍ കുപ്പക്കൊല്ലിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്താണ് കൈയേറ്റം വ്യാപകമായിട്ടുള്ളത്. ഇവിടങ്ങളില്‍ റോഡിലേക്കിറക്കിയുള്ള മതില് നിര്‍മാണവും തകൃതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."