പാട്ടും കഥകളുമായി അങ്കണവാടികളും ഓണ്‍ലൈനില്‍
സ്വന്തം ലേഖകന്‍
പാലക്കാട്: ലോക്ക്ഡൗണ്‍ കാലത്ത് കുരുന്നുകള്‍ക്ക് അങ്കണവാടികളില്‍ എത്താന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് കഥകളും പാട്ടുകളും വര്‍ത്തമാനങ്ങളുമായി അങ്കണവാടിക്കുട്ടികളും സജീവമായിത്തുടങ്ങി.
കഥകളും പാട്ടുകളും വിഡിയോയില്‍ ചിത്രീകരിച്ച് ഓരോ വിദ്യാര്‍ഥിക്കും അയച്ചു കൊടുക്കുകയാണ് അങ്കണവാടികളിലെ ജീവനക്കാര്‍. വീട്ടിലെ ആടിനെയും പശുവിനെയും വരെ കുട്ടികള്‍ക്കു പരിചയപ്പെടുത്താന്‍ തങ്ങളുടെ കൈവശമുള്ള കുട്ടിക്കഥകളും പാട്ടുകളുമൊക്കെയായി ഓണ്‍ലൈന്‍ കാലം അവിസ്മരണീയമാക്കുകയാണ് അവര്‍. ലോക്ക്ഡൗണിനു ശേഷം ചെറിയ കുട്ടികള്‍ക്ക് റിവേഴ്സ് ക്വാറന്റൈന് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതോടെ അങ്കണവാടികളില്‍ ഇനി ക്ലാസുകള്‍ എന്നു തുടങ്ങുമെന്നറിയാത്തതിനാല് ക്ലാസ് നഷ്ടമാകാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ സംസ്ഥാന തലത്തില്‍ തയാറാക്കുന്നുണ്ട്. മൂന്നു വയസു പിന്നിട്ട എല്ലാ കുട്ടികളെയും അങ്കണവാടികളില്‍ പ്രവേശിപ്പിക്കുകയും ഇതുവരെ സ്കൂള്‍ ക്ലാസുകള്‍ ആരംഭിക്കാത്തതിനാല്‍ മുന്‍പു പഠിച്ചുപോയവര്ക്ക് തുടര്‍ന്നും സൗകര്യങ്ങള്‍ ഒരുക്കിയും അറിവുപകരാനുള്ള ദിനങ്ങളാണ് അങ്കണവാടികള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന തലത്തില്‍ ഓരോ ജില്ലകള്‍ക്കും പഠിപ്പിക്കേണ്ട ഭാഗങ്ങള്‍ തീരുമാനമായിട്ടുണ്ട്. രണ്ടാഴ്ച നീളുന്ന ഓരോ തീമുകളില്‍ കുട്ടികള്‍ക്കുള്ള പാഠങ്ങള്‍ മാതാപിതാക്കളുടെ വാട്സ് ആപ്പില്‍ അയച്ചു നല്‍കും.
സ്മാര്‍ട്ട് ഫോണ്‍ സംവിധാനമില്ലാത്ത വീടുകളില്‍ മാതാപിതാക്കളുടെ സഹായത്തോടെയാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. ആവശ്യമായ നിര്‍ദേശങ്ങള്‍ വര്‍ക്കര്‍മാര്‍ ഫോണ്‍ മുഖേന നല്‍കും. വീട്ടില്‍ ടെലിവിഷനോ സ്മാര്‍ട്ട്ഫോണോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് അങ്കണവാടികളിലെ സൗകര്യമുപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും സൗകര്യമൊരുക്കാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."