പ്രതിരോധം ഊര്‍ജിതം
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതോടെ പ്രദേശവാസികളില്‍ ഭീതി വര്‍ധിക്കുന്നു. കഴിഞ്ഞ നാലു ദിവസമായി നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രതിരോധ ഗുളികള്‍ വിതരണം ചെയ്തും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയുമാണ് പ്രവര്‍ത്തനം നടത്തുന്നത്. 50ലധികം പേര്‍ക്ക് ഡെങ്കിപ്പനി പിടിപ്പെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 30 ലേറെ പേര്‍ മട്ടന്നൂര്‍ ഗവ: ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്. വാര്‍ഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ അടച്ചിട്ടിരിക്കുന്ന പ്രസവ വാര്‍ഡും തുറന്നാണ് രോഗികളെ കിടത്തി ചികില്‍സിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ക്ലിനിക്കും ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിന് പ്രത്യേകമായി ഡോക്ടര്‍മാരെയും നേഴ്‌സ് മാരെയും ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലെ മലിന ജലം, ഷോപ്പിങ് മാള്‍ പരിസരത്ത് കെട്ടിക്കിടന്ന മാലിന്യം എന്നിവയില്‍ നിന്നുമാണ് ഡെങ്കികൊതുക് വളര്‍ന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ ജില്ലാ ഹോമിയോ ഡോക്ടറുടെ നേതൃത്വത്തില്‍ വീടുകളില്‍ കയറി പ്രതിരോധ ഗുളിക വിതരണവും ആശ വര്‍ക്കര്‍മാരെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണം നടത്തി.
കടകളടിച്ചിടാന്‍ നിര്‍ദ്ദേശം
മട്ടന്നൂര്‍:കൊതുക് വളരാനും രോഗം പടര്‍ന്നു പിടിക്കാനും ഇടയായ തലശേരി റോഡിലെയും അമ്പലം റോഡിലെയും സ്ഥാപനങ്ങളും ആശുപത്രിയും അടച്ചിട്ട് ഇന്ന് ശുചീകരണം നടത്താനും പുറത്തേക്ക് ഒഴുകുന്ന മലിന ജലം ഒഴിവാക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കി. ശുചീകരണം നടന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നുള്ള മുന്നറിയിപ്പുമായാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്.
ഗവ. ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തണം
മട്ടന്നൂര്‍: നഗരത്തില്‍ ഡെങ്കിപ്പനി പടരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലെന്നും അടിയന്തിര പ്രാധാന്യത്തോടെ മട്ടന്നൂര്‍ ആശുപത്രിയില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."