പോസ്‌റ്റോഫിസുകളിലെ 'അടിമപ്പണി'
ശ്രീകണ്ഠപുരം: കത്തുകള്‍ തരംതിരിച്ച് മേല്‍വിലാസക്കാരനു എത്തിക്കുന്ന ഇ.ഡി ജീവനക്കാര്‍ ജോലി ഭാരവും ശമ്പളക്കുറവിലും കഷ്ടപ്പെടുകയാണ്. വര്‍ഷങ്ങളായിട്ടും ജോലിയില്‍ സ്ഥിരത പോലും ലഭിക്കാത്തവരാണ് ഈ വിഭാഗത്തില്‍ അധികവും. ഹെഡ് ഓഫിസില്‍ നിന്ന് മെയില്‍ എത്തിക്കലും കത്തുകള്‍ തരം തിരിച്ച് മേല്‍വിലാസക്കാരനെ കണ്ടെത്തി വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ഒരു ദിവസം നടക്കുന്ന കിലോമീറ്ററുകള്‍ക്കു പോലും കണക്കില്ല. രാവിലെ ഒമ്പതിനു ഓഫിസിലെത്തിയാല്‍ തിരിച്ച് വീട്ടിലെത്താന്‍ രാത്രി ഏഴ് കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു. ബ്രാഞ്ച് പോസ്റ്റ്ഓഫിസുകളില്‍ ജനപ്പെരുപ്പം ഏറുന്തോറും ഒരാളെക്കൂടി നിയമിക്കാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ അതൊന്നും പാലിക്കപ്പെടാറില്ല. ഇ.ഡി ജീവനക്കാരായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ യാതൊരാനുകൂല്യവും ലഭിക്കാറുമില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരാകട്ടെ തുച്ഛമായ ശമ്പളമാണ് ഇന്നും നല്‍കിവരുന്നത്. ഗ്രാമങ്ങളില്‍ പോലും അനുദിനം വീടുകളും കെട്ടിടങ്ങളും കൂടിവന്നതോടെ പഴയകാല മേല്‍വിലാസക്കാരനെ തിരക്കുന്ന ജോലി ശ്രമകരമായി മാറി. ഇതോടെ കൃത്യമായി കത്തുകള്‍ എത്തിക്കാനും കഴിയാതായി. ഈ രംഗത്ത് സേവനം ചെയ്യുന്നതില്‍ സ്ത്രീ ജീവനക്കാരും കുറവല്ല. ചൂടിലും മഴയിലും രാത്രിയോളം താണ്ടിയാണ് ഇവര്‍ മേല്‍വിലാസക്കാരെ കണ്ടെത്തുന്നത്. പ്രധാന ആവശ്യങ്ങള്‍ക്കു പോലും അവധി എടുക്കാന്‍ കഴിയാത്ത സ്ഥിതിയും ഇക്കൂട്ടര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."