നിര്മലഗിരിയില് ബസ് റോഡരികിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്
കൂത്തുപറമ്പ്: കൂത്തുപറമ്പിനു സമീപം നിര്‍മലഗിരി നീറോളിച്ചാലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറിലിടിച്ച ശേഷം റോഡരികിലേക്കു മറിഞ്ഞു ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന സാഗര്‍ ബസ് അപകടത്തില്‍പെട്ടത്. സാരമായി പരുക്കേറ്റ ക്ലീനര്‍ ഇരിട്ടി വാളത്തോട്ടെ നിഷാദ് (32), ഡ്രൈവര്‍ പുന്നാട്ടെ അനൂപ് (40) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
നീറോളിച്ചാലില്‍ കള്‍വര്‍ട്ട് നിര്‍മിക്കാനായി റോഡ് പകുതിയോളം മുറിച്ചിരുന്നു. ഈ ഭാഗം കടന്ന ബസ് തൊട്ടടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ക്ലീനറേയും മറ്റൊരു യാത്രക്കാരനേയും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് രക്ഷപ്പെടുത്തിയത്.
ബസിനുള്ളില്‍ കുടുങ്ങിപ്പോയ മറ്റു യാത്രക്കാരെ ബസിന്റെ മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും ഗ്ലാസു തകര്‍ത്താണ് പുറത്തിറക്കിയത്. സി.ഐ യു. പ്രേമന്, എസ്.ഐ നിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."