രക്ഷാകര്‍ത്താക്കള്‍ ഉണ്ടെങ്കിലും കുട്ടിക്ക് ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കരുത്
തിരുവനന്തപുരം: ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബാലനീതി നിയമ പ്രകാരം ഒരു കുട്ടിയെ അവസാന അഭയകേന്ദ്രം എന്ന നിലയില്‍ മാത്രമേ സ്ഥാപന സംരക്ഷണത്തിനയക്കാന്‍ പാടുള്ളൂ.
ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം ഒരു ബദല്‍ മാര്‍ഗമായി സ്വീകരിക്കണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവ് വന്ന സാഹചര്യത്തില്‍ ഇത്തരം കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് 2019 മെയ് 25ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജെ.ജെ ആക്ട് പ്രകാരം കുട്ടികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നതിനോടൊപ്പം തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളും മനസിലാക്കിക്കൊണ്ടാണ് കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിക്ക് മാതാവോ പിതാവോ അല്ലെങ്കില്‍ രണ്ടുപേരും ഉണ്ടെന്ന കാരണത്താല്‍ മാത്രം ശിശു സംരക്ഷണ സ്ഥാപത്തിലേക്കുള്ള പ്രവേശനം നിഷേധിക്കരുത്. മാതാപിതാക്കള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കുട്ടിക്ക് ആവശ്യമായ ശ്രദ്ധയും സംരക്ഷണവും സുരക്ഷയും പരിപാലനവും ഉറപ്പു വരുത്താന്‍ പ്രാപ്തരല്ല എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന പക്ഷം കുട്ടിയെ ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് പ്രവേശിപ്പിക്കണം.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയും വീട്ടില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളെയും കുട്ടികളുടെ ഉത്തമ താല്‍പര്യം മുന്നില്‍നിര്‍ത്തി ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് താല്‍കാലികമായി ഉടനടി പ്രവേശനം നല്‍കണം. ഇവരുടെ കാര്യത്തില്‍ സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 60 ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനം എടുക്കണം.ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ സ്ഥാപന മാനേജ്‌മെന്റിനോ കോടതികളില്‍ നിന്നും ജെ.ജെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ സ്റ്റേ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ബാധകമല്ല.
എല്ലാ അപേക്ഷകളിലും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഡാറ്റാ എന്‍ട്രിക്കായി ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് കൈമാറണം. അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഹോം സ്റ്റഡി സമയബന്ധിതമായി പൂര്‍ത്തിയാക്കുക, സിറ്റിങുകള്‍ യഥാക്രമം സംഘടിപ്പിക്കുക എന്നീ കാര്യങ്ങള്‍ ജില്ലാ വനിതാശിശു വികസന ഓഫിസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരുമായി യോജിച്ചു ചെയ്യണം. ഈ നിര്‍ദേശങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."