14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ മരവിപ്പിച്ച് സഊദി അറേബ്യ, ഇന്ത്യക്കും തിരിച്ചടി
റിയാദ്: 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സിംഗിള്‍ എന്‍ട്രി വിസകളിലേക്ക് മാത്രം പരിമിതപ്പെടുത്തി സഊദി അറേബ്യ. സഊദിയുടെ വിസാ നയത്തിലെ ഒരു പ്രധാന മാറ്റമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിര്‍ണായക തീരുമാനം, ദീര്‍ഘകാല സന്ദര്‍ശന വിസകളില്‍ അനധികൃത ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.
ഏതെല്ലാം രാജ്യങ്ങളെ ബാധിക്കും?
അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, പാകിാസ്താന്‍, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് പുതിയ നയം പ്രതികൂലമായി ബാധിക്കുക. ഇതോടെ ടൂറിസം, ബിസിനസ്സ്, കുടുംബ സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കായി ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ചിരുന്ന ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സര്‍ക്കാര്‍ അനിശ്ചിതമായി നിര്‍ത്തിവച്ചു.
വിസ നയത്തിലെ പ്രധാന മാറ്റങ്ങള്‍:
മേല്‍പ്പറഞ്ഞ 14 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സിംഗിള്‍ എന്‍ട്രി വിസയ്ക്ക് മാത്രമേ ഇനിമുതല്‍ അപേക്ഷിക്കാന്‍ കഴിയൂ. വിസാ കാലാവധി 30 ദിവസമായിരിക്കും. ഹജ്ജ്, ഉംറ, നയതന്ത്ര, റെസിഡന്‍സി വിസകളില്‍ മാറ്റമുണ്ടാകില്ല.
വലിയ തോതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സഊദി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചില യാത്രക്കാര്‍ ദീര്‍ഘകാല വിസകളില്‍ രാജ്യത്ത് പ്രവേശിച്ച് ശരിയായ അനുമതിയില്ലാതെ ജോലിക്കായി നിയമവിരുദ്ധമായി തുടരുകയോ ഹജ്ജ് നിര്‍വഹിക്കുകയോ ചെയ്തതായി കണ്ടെത്തുകയുണ്ടായി.
സഊദി അധികാരികള്‍ ഓരോ രാജ്യത്തിനും ഹജ്ജിനായി ഒരു തീര്‍ത്ഥാടന ക്വാട്ട അനുവദിക്കുന്നുണ്ട്. ദീര്‍ഘകാല വിസകള്‍ ഉപയോഗിച്ച് നിരവധി വിനോദസഞ്ചാരികള്‍ ഈ പരിധി മറികടക്കുന്നതാണ് തിരക്ക് കൂടാന്‍ കാരണമാകുന്നതെന്ന് സഊദി ഈയിടെ വ്യക്തമാക്കിയിരുന്നു.
2024 ല്‍ 1,200 ല്‍ അധികം തീര്‍ത്ഥാടകര്‍ കടുത്ത ചൂടും തിരക്കും കാരണം മരിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമായത്. രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകരാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് കര്‍ശനമായ വിസ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സഊദിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ മരവിപ്പിച്ചത് ഒരു താല്‍ക്കാലിക നടപടിയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിന് മുമ്പ് നയത്തിന്റെ ആഘാതം സര്‍ക്കാര്‍ നിരീക്ഷിക്കും.
യാത്രക്കാര്‍ അറിയേണ്ട കാര്യങ്ങള്‍:
സഈദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന യാത്രക്കാര്‍ സിംഗിള്‍ എന്‍ട്രി വിസക്ക് വേണ്ടി മുന്‍കൂട്ടി അപേക്ഷിക്കണം. ഫൈനുകളോ യാത്ര തടസ്സങ്ങളോ ഒഴിവാക്കാന്‍ പുതിയ വിസ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം സന്ദര്‍ശകരോടും തീര്‍ത്ഥാടകരോടും നിര്‍ദ്ദേശിച്ചു.
സൗദിയുടെ പുതിയ നടപടി ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര ചെയ്യുമ്പോഴോ അവിടെ തുടരുമ്പോഴോ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഊദി അറേബ്യയുടെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഓരോരുത്തരും ഉറപ്പാക്കണമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."