ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം വിരാട് കോഹ്‌ലി പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിൽ വലതു കാൽമുട്ടിന് പരിക്കേറ്റത്തിന് പിന്നാലെ കോഹ്‌ലി കളത്തിലിറങ്ങിയിരുന്നില്ല. ഇപ്പോൾ കോഹ്‌ലി ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ട് രണ്ടാം മത്സരത്തിൽ കളത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് വിരാടിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകിയത്. രണ്ടാം മത്സരം ഫെബ്രുവരി ഒമ്പതിന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
സമീപകാലങ്ങളിൽ അത്ര മികച്ച പ്രകടനമല്ല വിരാട് നടത്തിക്കൊണ്ടിരിക്കുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കോഹ്‌ലി നടത്തിയത്. ഇതിനു പിന്നാലെ തന്റെ പഴയ ഫോം വീണ്ടെടുക്കുന്നതിന് വേണ്ടി കോഹ്‌ലി രഞ്ജി ട്രോഫിയിലും കളിച്ചിരുന്നു. നീണ്ട വർഷക്കാലങ്ങൾക്ക് ശേഷമായിരുന്നു കോഹ്‌ലി രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നത്. എന്നാൽ തന്റെ തിരിച്ചുവരവിലും നിരാശാജനകമായ പ്രകടനമാണ് കോഹ്‌ലി രഞ്ജി ട്രോഫിയിലും നടത്തിയത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമോയെന്ന് കണ്ടുതന്നെ അറിയണം.
അതേസമയം ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്താവുകയായിരുന്നു. വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യക്കായി ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഗിൽ 96 പന്തിൽ 87 റൺസ് നേടിയാണ് തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്. 36 പന്തിൽ 59 റൺസാണ് അയ്യർ നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. അക്‌സർ പട്ടേൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 47 പന്തിൽ 52 റൺസും നേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."