'കൈകാര്യം ചെയ്തതില്‍ പാളിച്ച വന്നിട്ടുണ്ടാവാം എന്നാല്‍ ഞങ്ങളുടെ ആത്മാര്‍ത്ഥ വ്യക്തമായിരുന്നു'- കൊവിഡ് പ്രതിരോധം, കുടിയേറ്റത്തൊഴിലാളി വിഷയത്തില്‍ തെറ്റുപറ്റിയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് തെറ്റ് പറ്റിയിട്ടുണ്ടാകാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളുടെ വിഷയത്തിലും പാളിച്ച ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത വ്യക്തമായിരുന്നുവെന്നും ആഭ്യന്ത മന്ത്രി ചൂണ്ടിക്കാട്ടി. ഒഡിഷയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അമിത് ഷാ.
സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലാതെ പ്രതിപക്ഷം ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 1,70,000 കോടി രൂപയുടെ ഒരു പദ്ധതി പ്രഖ്യാപിച്ചു. ശ്രമിക് ട്രെയിനുകളിലൂടെ 1,25,00000 പേരെ നാടുകളിലെത്തിച്ചു. അവര്‍ക്ക് ഭക്ഷണം നല്‍കി. ആദ്യഘട്ടമെന്ന നിലയില്‍ 1000 മുതല്‍ 1500 രൂപ വരെ സാമ്പത്തിക സഹായം നല്‍കി ഇതൊന്നും കാണാതെ, ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താതെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ചിലര്‍ ഇവിടെ ഇരുന്ന് വിദേശത്തുള്ളവരോട് കൊവിഡിനോട് പോരാടാന്‍ ഇംഗ്ലീഷ് സംസാരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രമുഖരുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങളെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.
ഒരു രാജ്യം ഒറ്റ ജനത ഒരു ആത്മാവ് എന്ന നിലക്കാണ് മോദിക്കു കീഴില്‍ നാം കൊവിഡിനോട് പോരാടിയത്. ജനതാ കര്‍ഫ്യൂവിലൂടെ വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞപ്പോള്‍ രാജ്യം മുഴുവന്‍ അതിനോട് ഐക്യപ്പെട്ടു, ദീപം തെളിയിക്കണമെന്ന് പറഞ്ഞപ്പോള്‍ ജനം അതും അംഗീകരിച്ചു. അങ്ങനെ രാജ്യംമുഴുവന്‍ കൊവിഡ് പ്രതിരോധത്തിനായി ഒത്തുചേര്‍ന്നു. എന്നിട്ടും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് അമിത്ഷാ ചോദിക്കുന്നു. ആരോപണത്തിന് അപ്പുറം, അവര്‍ എന്താണ് ചെയ്തതത് എന്ന് ആരും പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ലോകരാജ്യങ്ങള്‍ പലതിനും കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചപ്പോള്‍, അവരെല്ലാം ലോക്ക്ഡൗണിലും പരാജയപ്പെട്ടപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന അവകാശവാദവും അമിത്ഷാ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."