ജനഹൃദയത്തിലേക്ക് കൊട്ടിക്കയറി രമ്യ ഹരിദാസ്
ആലത്തൂര്‍: നിമിഷങ്ങള്‍ക്കകം വോട്ടര്‍മാരുടെ ഹൃദയങ്ങളിലേക്ക് കയറി ചെല്ലുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഇന്നലെ കാവശ്ശേരി പരയ്ക്കാട്ടു കാവ് ക്ഷേത്ര മുറ്റത്ത് ശിങ്കാരിമേളത്തില്‍ കൊട്ടി കയറി. രാവിലെ 7.30ഓടെ കാവശ്ശേരി പരയ്ക്കാട്ട് ഭഗവതിയെ തൊഴുതതിനു ശേഷമാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ക്ഷേത്ര മുറ്റത്ത് ശിങ്കാരിമേളം ഫ്യൂഷനു തയ്യാറെടുത്ത് നിന്ന തിരുവനന്തപുരം ഹൈനസ് ട്രൂപ്പിലെ കലാകാരന്മാര്‍ക്ക് സ്ഥാനാര്‍ഥി തങ്ങള്‍ക്കൊപ്പം കൊട്ടണം. കണ്ടു നിന്നവര്‍ക്കും ആനന്ദം നല്‍കി രണ്ടു മിനിറ്റോളം കൊട്ടിന്റെ പൂരം. തൊഴാന്‍ എത്തുന്നവരോട് ഓരോരുത്തരോടും പുഞ്ചിരിച്ചും കൈകൂപ്പിയുമുള്ള അഭിവാദ്യങ്ങള്‍ ചില കുഞ്ഞുങ്ങള്‍ക്ക് തന്റെ കഴുത്തിലെ ഷാള്‍ അഴിച്ച് സമ്മാനം നല്‍കല്‍. ക്ഷേത്രാങ്കണത്തിലെ കച്ചവടക്കാര്‍ക്കിടയിലേക്കിറങ്ങിയതോടെ അവര്‍ ഓരോരുത്തരും തങ്ങളുടെ സ്ഥലം പറഞ്ഞ് വോട്ട് ഉറപ്പു നല്‍കല്‍.
ക്ഷേത്ര കവാടത്തിലെ കവാടത്തിലെ മുല്ലപ്പൂവില്‍പ്പനക്കാരന് സ്ഥാനാര്‍ഥിക്ക് പൂമാല നല്‍കണം, മാല ഏറ്റുവാങ്ങിയപ്പോള്‍ കുടുംബത്തിലേയും കൂട്ടുകാരുടേയും വോട്ട് ഉറപ്പ്. വടിയും കുത്തി ഭഗവതിയെ കാണാനെത്തിയ ചോറുംകോട്ടിലെ 90 വയസു കഴിഞ്ഞ തങ്കയമ്മക്കടുത്ത് മുട്ടുകുത്തിയിരുന്ന് അനുഗ്രഹം വാങ്ങല്‍. ക്ഷേത്ര മുറ്റത്തെ പടിഞ്ഞാറ് ഭാഗത്ത് കാവശ്ശേരി േേവലയില്‍ കുതിര അവകാശമുള്ള കമ്മാന്തറയിലെ കുടുംബം ഒരുക്കുന്ന പായസം ഇളക്കി കൊടുത്ത് ഒരു കൈ സഹായം. പിന്നീട് പടിഞ്ഞാറേ നടയിലേക്ക് പോകവെ എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവും വോട്ടഭ്യര്‍ഥിച്ചെത്തി.
എതിര്‍ സ്ഥാനാര്‍ഥികള്‍ പരസ്പരം പരിചയപ്പെട്ടു. വീണ്ടും കച്ചചവടക്കാര്‍ക്കിടയിലേക്ക്. പൊരിവില്‍പ്പനക്കാരനും ഹല്‍വ കച്ചചവടക്കാരനുമെല്ലാം സ്ഥാനാര്‍ഥി തങ്ങളുടെ ഉല്‍പ്പന്നം രുചിക്കണം. എല്ലാവരേയും തൃപ്തിപ്പെടുത്തി വീണ്ടും ഭക്തര്‍ക്കിടയിലേക്ക്. ക്ഷേത്ര പരിസരത്തെ കടകളില്‍ കൂടികയറി തത്തമംഗലത്ത് നടക്കുന്ന യു.ഡി.എഫ് ചിറ്റൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനിലേക്ക്. തത്തമംഗലത്തെ പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്ക് എത്തിയ സ്ഥാനാര്‍ഥിയെ തൊണ്ടപൊട്ടി അഭിവാദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസുകാരുടെ വരവേല്‍പ്പ്. കണ്‍വന്‍ഷന്‍ കേന്ദ്രത്തിലെ രജീവ് ഗാന്ധി പ്രതിമയില്‍ പൂമാല ചാര്‍ത്തി മുദ്രാവാക്യത്തിന്റെ അകമ്പടിയില്‍ ഹാളിലേക്ക്. ഹാളിന്റെ വലതു ഭാഗം കൈ അടക്കിയ വനിതകള്‍ക്ക് ഹസ്തദാനം നല്‍കി ഉദ്ഘാടന പ്രസംഗം മുന്നേ തീര്‍ത്ത മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനേയും മറ്റു നേതാക്കളെയും അഭിവാദ്യം ചെയ്തതിനെ തുടര്‍ന്ന് മുന്‍ എം.എല്‍.എ കെ.അച്യുതന്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തി. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ജീവിതകഥ പറഞ്ഞ്, എനിക്ക് വോട്ട് ചോദിച്ചതിന്റെ പേരില്‍ നിങ്ങള്‍ക്ക് തല കുനിക്കേണ്ടി വരില്ലെന്ന് ഉറപ്പു നല്‍കിയുള്ള പ്രസംഗത്തിന് വന്‍ കൈയ്യടി. പ്രസംഗം കഴിഞ്ഞപ്പോള്‍ പാട്ടു പാടണമെന്ന സദസില്‍ നിന്നുള്ള ആവശ്യത്തെ ജയിച്ചു വന്നിട്ട് പി.കെ ശ്രീമതിക്ക് പോലും ഡാന്‍സ് കളിക്കാവുന്ന തരത്തിലുള്ള പാട്ട് പാടി തരുമെന്ന ഉറപ്പ്. കണ്‍വന്‍ഷനു ശേഷം ചില മരണവീട്ടിലേക്ക്. തുടര്‍ന്ന് ആലത്തൂര്‍ ലോക്‌സഭാ കമ്മിറ്റി ഓഫിസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് യു.ഡി.എഫ്. തരൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനിലേക്കും പിന്നീട് ആലത്തൂരിലെ കണ്‍വന്‍ഷനിലും പങ്കെടുത്തു. മുടപ്പല്ലൂരില്‍ റോഡ് ഷോയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."