രാജ്യതലസ്ഥാനത്ത് അനിയന്ത്രിത വ്യാപനം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുമ്പോള്‍, തലസ്ഥാനത്ത് സ്ഥിതി അനിയന്ത്രിതം. ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിവസംതോറും വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇതോടൊപ്പം, ചികിത്സയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാതിരിക്കുന്നതും തദ്ദേശീയര്‍ക്കു മാത്രമായി ചിലയിടങ്ങളില്‍ ചികിത്സ പരിമിതപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയതും ഈ തീരുമാനം ഗവര്‍ണര്‍ തിരുത്തിയതും ചര്‍ച്ചയായിരിക്കുകയാണ്.
നിര്‍ണായക ഘട്ടത്തില്‍ സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയുമാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഡല്‍ഹിയില്‍ ജൂലൈ 31ഓടെ കൊവിഡ് രോഗികളുടെ എണ്ണം 5.5 ലക്ഷം പിന്നിടുമെന്നാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളില്‍ ബെഡ്ഡുകള്‍ക്കു ക്ഷാമമുണ്ടെന്നു സമ്മതിച്ച ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, 50 ശതമാനത്തോളം രോഗികള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ലെന്നും പറഞ്ഞു. എന്നാല്‍, കൊവിഡിന്റെ സാമൂഹിക വ്യാപനമുണ്ടെന്ന സംശയങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ഈ സംശയങ്ങള്‍ കേന്ദ്രസര്‍ക്കാരും തള്ളിയിട്ടുണ്ട്.
ഓരോ 13 ദിവസങ്ങള്‍ക്കുള്ളിലും ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുണ്ട്. ചില ആശുപത്രികളില്‍ തദ്ദേശീയര്‍ക്കു മാത്രം ചികിത്സയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഗവര്‍ണറെ കണ്ട ഉപമുഖ്യമന്ത്രി, ഗവര്‍ണറുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."