ലൈഫ് മിഷന്‍: പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറി
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ കുംബ താക്കോല്‍ ഏറ്റുവാങ്ങി. വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുന്നോട്ടുപോവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി ഇടപെടാന്‍ കഴിയുമെന്നതിനു തെളിവാണ് കല്‍പ്പറ്റ ബ്ലോക്കിലെ ലൈഫ് പദ്ധതി പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു നേതൃത്വം നല്‍കിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ്‍, ജോയിന്റ് ബി.ഡി.ഒ കെ ഉണ്ണികൃഷ്ണന്‍, ടി. യു പ്രിന്‍സ് എന്നിവര്‍ക്കും വി.ഇ.ഒമാര്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.
ബ്ലോക്ക് പഞ്ചായത്തില്‍ പാതിവഴിയില്‍ കിടന്നിരുന്ന 1,329 വീടുകളില്‍ 1100 എണ്ണം പൂര്‍ത്തിയായി. ഇതില്‍ 102 വീടുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടേതാണ്.
പട്ടികവര്‍ഗ വിഭാഗത്തിന്റെ 728 വീടുകളും ജനറല്‍ വിഭാഗത്തില്‍ 281 വീടുകളും പൂര്‍ത്തിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍് പൂര്‍ത്തീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കല്‍പ്പറ്റ ബ്ലോക്ക്. 16 കോടി രൂപയിലധികം ഇതിനകം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, ജെ.പി.സി പി.ജി വിജയകുമാര്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ഫ്രാന്‍സിസ് ചക്കനാത്ത്, എഡിസി (ജനറല്‍) പി.സി മജീദ്, ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിബി കെ. വര്‍ഗ്ഗീസ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം. സെയ്ദ്, ജനപ്രതിനിധികളായ എം.ഒ ദേവസ്യ, പി.സി. മമ്മൂട്ടി, കെ. അയ്യപ്പന്‍, കൊച്ചുറാണി, വിജയകുമാരി, റോഷ്‌ന യൂസഫ്, ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികസന സ്ഥിരം സമിതി അധ്യക്ഷ ഉഷാ തമ്പി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."