അഷിതയ്ക്ക് യാത്രാമൊഴി
തൃശൂര്‍: മലയാളത്തിന് വേറിട്ട രചനാ ശൈലി സമ്മാനിച്ച പ്രശസ്ത എഴുത്തുകാരി അഷിത(63)യ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ കിഴക്കും പാട്ടുകരയിലെ വസതിയിലെത്തി പ്രമുഖരടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഏറെനാളായി ക്യാന്‍സര്‍ ബാധിതയായിരുന്നു. കഥാകൃത്തും പരിഭാഷകയുമായിരുന്ന അഷിത തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിനാണ് ജനിച്ചത്. ഡിഫന്‍സ് റിട്ട. അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ബി നായരുടെയും തെക്കേ കുറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്.
മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസില്‍നിന്നും അഷിത ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. റഷ്യന്‍ നാടോടിക്കഥകളും കവിതകളും മലയാളത്തിലേക്ക് തനിമ ചോരാതെ എത്തിയത് അഷിതയിലൂടെയായിരുന്നു.
വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, ശിവേന സഹവര്‍ത്തനം, മയില്‍പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍, കല്ലുവെച്ച നുണകള്‍, വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത്. റൂമി പറഞ്ഞ കഥകള്‍, താവോ തെ പിങ്, മീരാഭജനുകള്‍, ഹൈഡി (പരിഭാഷ), 365 കുഞ്ഞുകഥകള്‍, പീറ്റര്‍ എന്ന മുയലും മറ്റു കഥകളും, അഷിതയുടെ കത്തുകള്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ അഭിമുഖ സംഭാഷണമായ അത് ഞാനായിരുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്കായിരുന്നു. കൂടാതെ ഇടശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായിരുന്ന പ്രൊഫ. കെ.വി രാമന്‍ കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."