നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്ന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.സി.ബി.ഐ അന്വേഷണം വേണമെന്നും അതുവരെ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ പൊലിസിന്റെ അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ദിലീപ് ആരോപിക്കുന്നു.കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികള്‍ നല്‍കിയ തെറ്റായ മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലിസ് പക്ഷപാതപരമായാണ് അന്വേഷണം നടത്തിയത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടു വരാന്‍ സി.ബി.ഐ അന്വേഷണം വേണം. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസത്തിന് ശേഷമാണ് തന്നെ എട്ടാം പ്രതി ചേര്‍ത്ത് മറ്റൊരു അന്തിമ റിപ്പോര്‍ട്ട് പൊലിസ് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമില്ലെന്ന് മാത്രമല്ല, അതിനെക്കുറിച്ച് അറിവു പോലുമില്ല.
അന്വേഷണം കാര്യക്ഷമമല്ലെന്നും ദുരുദ്ദേശ്യപരമാണെന്നും ഫലപ്രദമല്ലെന്നും ഇതില്‍ നിന്ന് വ്യക്തമാണെന്നും ദിലീപ് ആരോപിക്കുന്നു.കേസിന്റെ വിചാരണ നടപടികള്‍ അടുത്തമാസം അഞ്ചിന് എറണാകുളം സി.ബി.ഐ കോടതിയില്‍ വനിതാ ജഡ്്ജിന്റെ മുമ്പാകെ ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിചാരണ നടപടികള്‍ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി അനുമതി നല്‍കിയത്.ഇതിനെതിരെയും ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
ആറ് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും രൂക്ഷമായ വിമര്‍ശനത്തോടെ കോടതി ഹരജി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം സി.ബി. ഐ കോടതി കേസ് പരിഗണിക്കുകയും ഏപ്രില്‍ അഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജിയുമായി ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."