കോട്ടമലയില്‍ സംഘര്‍ഷം: പാറമടയുടെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു
പാലാ: കോട്ടമലയില്‍ പാറമടയുടെ പ്രവര്‍ത്തനം ആരംഭിച്ചത് നാട്ടുകാര്‍ തടഞ്ഞു. നാലുവര്‍ഷക്കാലമായി കോട്ടമലയില്‍ പാറമട തുടങ്ങുവാനുള്ള ശ്രമങ്ങള്‍ പാറമട ലോബി നടത്തിവരികായായിരുന്നു.
എറണാകുളം ജില്ലക്കാരനായ സ്വകാര്യ വ്യക്തി കോട്ടമലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുവാന്‍ ലിസ്റ്റ് ചെയ്തിരുന്ന സര്‍ക്കാര്‍ ഭൂമിയടക്കം നൂറുകണക്കിന് ഏക്കര്‍ സ്വന്തമാക്കി വന്‍കിട പാറമടയും ക്രഷര്‍ യൂനിറ്റും ആരംഭിക്കുന്ന ശ്രമങ്ങള്‍ നടത്തി.
വില്ലേജ് ഓഫിസറും റവന്യൂ ഉദ്യോഗസ്ഥരും ഇയാള്‍ക്ക് വേണ്ട ഒത്താശകളും ചെയ്തിരുന്നു. നാട്ടുകാര്‍ ഒന്നടങ്കം പാറമടയ്‌ക്കെതിരെ ശക്തമായി രംഗത്ത് വരികയും, പരിസ്ഥിതി പ്രവര്‍ത്തകരും, രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതോടെ പാറമട ലോബി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നു.
ഇതിനിടയില്‍ ഏതുവിധേനയും പാറമട ആരംഭിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ജെ.സി.ബി., ഹിറ്റാച്ചി, ലോറികള്‍, മെഷീനുകള്‍ എന്നിവ കോട്ടമലയില്‍ എത്തിച്ച് അന്യജില്ലക്കാരായ ആളുകളുടെ സഹായത്തോടെ ഇന്നലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതറിഞ്ഞ് സ്ത്രീകളും, കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകള്‍ കോട്ടമലയിലേയ്ക്ക് എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ പൊലിസ് നാട്ടുകാരെ തടഞ്ഞു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, മെമ്പര്‍മാരായ ജീനസ് നാഥ്, എം.പി. ശ്രീനിവാസ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, എം.ഓ. ശ്രീക്കുട്ടന്‍ എന്നിവര്‍ പാറമടക്കാരുമായി ചര്‍ച്ച നടത്തുകയും, മുഴുവന്‍ വാഹനങ്ങളും, മെഷീനുകളും മലമുകളില്‍ നിന്നും താഴെ ഇറക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് നിര്‍ദ്ദേശിച്ച് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി. സ്ഥലത്ത് പൊലിസ് 144 പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."