HOME
DETAILS
MAL
ഉത്ര കൊലക്കേസ്: പ്രതികളെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങും
backup
June 11 2020 | 02:06 AM
കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ റേഞ്ച് ഓഫിസര്‍ ബി.ആര് ജയന് കഴിഞ്ഞ ദിവസം കൊട്ടാരക്കര സബ് ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊവിഡ് പരിശോധനയ്ക്കു ശേഷം ഇരുവരെയും രണ്ടുദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങുമെന്ന് റേഞ്ച് ഓഫിസര്‍ പറഞ്ഞു. അണലിയെയും മൂര്‍ഖനെയും ദുരുപയോഗം ചെയ്തതിന് ഇരുവര്‍ക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ചല്‍ റേഞ്ച് ഓഫിസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വനംവകുപ്പ് പുനലൂര്‍ കോടതിയില്‍ നേരത്തേ അപേക്ഷ നല്‍കിയിരുന്നു. പാമ്പുപിടുത്തക്കാരനായ സുരേഷില്‍ നിന്നാണ് സൂരജ് അണലിയെയും മൂര്‍ഖനെയും വാങ്ങിയത്. ഈ പാമ്പുകളെ സുരേഷ് പിടികൂടിയ സ്ഥലവും വീടും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പ്രതി സുരേഷിനെ തെളിവെടുപ്പിന് കൊണ്ടു പോകും.
അടൂര്‍ പറക്കോട്ടെ വീട്ടില്‍ വച്ച് മാര്‍ച്ച് രണ്ടിനാണ് സൂരജ് ആദ്യം അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത്. നീണ്ട ചികിത്സയിലൂടെ ജീവന് തിരിച്ചുകിട്ടിയ ഉത്രയെ മെയ് ആറിനു രാത്രി അഞ്ചല്‍ ഏറത്തെ വീട്ടില്‍ വച്ച് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചു കൊന്നെന്നാണ് കേസ്. അടൂരിലും അഞ്ചലിലും പ്രതി സൂരജിനേയും തെളിവെടുപ്പിനു കൊണ്ടു പോകും. പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."