വയനാട്ടില്‍ രാഹുലിനെ ഇറക്കുന്നത് കെ.പി.സി.സി കെണി
? നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് രാജ്യവ്യാപകമായി ആഗ്രഹിക്കുന്ന ഒരു സാഹചര്യം നിലവിലുണ്ട്. ഇതിനു സി.പി.ഐയുടെ കേരളത്തില്‍ നിന്നുള്ള സംഭാവന എന്തായിരിക്കും?
കാനം രാജേന്ദ്രന്‍: കേരളത്തില്‍നിന്ന് എല്‍.ഡി.എഫ് പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നതാണ് അതിലൊരു പരിഹാരം. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദലുയര്‍ത്തുന്ന മുന്നണിയാണ് കേരളത്തിലെ എല്‍.ഡി.എഫ്. അതുകൊണ്ടു തന്നെ പരമാവധി സീറ്റുകളില്‍ ഇവിടെനിന്ന് വിജയിച്ചു വന്നാലെ ആ നയം പാര്‍ലമെന്റില്‍ നമ്മള്‍ക്ക് പിന്തുടരാന്‍ കഴിയുകയുള്ളൂ. 2004ല്‍ 19 സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചതാണ്. അന്ന് ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നു. പരസ്പരം മത്സരിച്ച കക്ഷികള്‍ തന്നെ ബി.ജെ.പി സര്‍ക്കാരിനെ ഒഴിവാക്കാന്‍ വേണ്ടി ഒരു കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ അവിടെ ഗവണ്‍മെന്റുണ്ടാക്കി. ഭരണത്തില്‍ പങ്കാളിത്തം വഹിക്കാതെ ഇടതുപക്ഷം അതിനെ പിന്തുണച്ചു. ആ സര്‍ക്കാരിന്റെ വിജയം ഇത്തരമൊരു രാഷ്ട്രീയത്തിന്റെ വിജയമായിട്ടാണ് അന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. ആ സര്‍ക്കാരിനെ നയിച്ചത് കോണ്‍ഗ്രസായിരുന്നു. പിന്നെ അതിന്റെ നിലവാരത്തില്‍ നിന്ന് പിന്നോട്ടുപോയി കോണ്‍ഗ്രസ്. അതുകൊണ്ടാണ് ആ ബന്ധം തകര്‍ന്നുപോയത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയും വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണി. ബി.ജെ.പിയുടെ വര്‍ഗീയതയെ എതിര്‍ക്കാന്‍ കേരളത്തില്‍ ഇന്ന് എല്‍.ഡി.എഫിനു മാത്രമേ കഴിയൂ. മോദി വിരുദ്ധ മതനിരപേക്ഷ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ ഉണ്ടാക്കുന്നതില്‍ നമ്മള്‍ക്കാവുന്ന സഹായം നമ്മള്‍ നല്‍കും. ഇടതുപക്ഷം നിശ്ചയമായും അതിനു പിന്തുണ നല്‍കും.
? രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രചാരണമുയരുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു
=അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. 543 നിയോജകമണ്ഡലമുള്ളതില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഏതു വ്യക്തിക്കും മത്സരിക്കാം. അതിനെ നമ്മളൊന്നും എതിര്‍ക്കേണ്ട കാര്യമില്ല. സ്ഥാനാര്‍ഥിയെ മാത്രമേ കൊണ്ടുവരാന്‍ പറ്റുകയുള്ളൂ. വോട്ടര്‍മാരെ വെളിയില്‍ നിന്ന് കൊണ്ടുവരാന്‍ പറ്റില്ല. അതുകൊണ്ട് വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയാണ് വരുന്നതെങ്കില്‍ പോലും എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ല. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും.
? കേന്ദ്രത്തില്‍ ഗവണ്‍മെന്റ് രൂപീകരണം ഭാവിയില്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയാണ് സി.പി.ഐ
=ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസാണ് സര്‍ക്കാരുണ്ടാക്കുന്നതെന്ന് ആരു പറഞ്ഞു? കോണ്‍ഗ്രസ് എത്ര സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്? മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമോ? അതുകൊണ്ട് മന്ത്രിസഭ കോണ്‍ഗ്രസാണ് ഉണ്ടാക്കുന്നതെന്നത് ഒരു സാങ്കല്‍പ്പികമായ ഒന്നാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കും, അതുകൊണ്ടിവിടെ വോട്ട് ചെയ്യണമെന്നത് ഒരു പ്രചാരണം മാത്രമാണ്.
? രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് ബി.ജെ.പി മുതലെടുക്കുമെന്ന് തോന്നുന്നുണ്ടോ
=അത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ല. മോദി രണ്ടുസീറ്റില്‍ മത്സരിക്കുന്നുണ്ട്. രാഹുലും രണ്ടോ നാലോ സീറ്റില്‍ മത്സരിക്കുന്നതായി കേള്‍ക്കുന്നു. അതിലൊന്നും ഞങ്ങള്‍ക്കു വിരോധമില്ല. പക്ഷെ ബി.ജെ.പി സ്ഥാനാര്‍ഥി പോലുമില്ലാത്ത ഒരു നിയോജക മണ്ഡലത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി അവിടുന്ന് വണ്ടിക്കൂലിയും മുടക്കി ഇവിടെ വന്ന് ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് കോണ്‍ഗ്രസുകാര്‍ ഉത്തരം പറയേണ്ടി വരും.
? കഴിഞ്ഞ പ്രാവശ്യം 30,000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് വയനാട് നഷ്ടപ്പെട്ടത്. ഇത്തവണത്തെ സ്ഥിതിയെന്താണ്
=പി.പി സുനീറിനെ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ച അതേ സാഹചര്യം ഇപ്പോഴും വയനാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.
? കോലീബി സഖ്യമെന്ന ആരോപണമുയരുന്നുണ്ടല്ലോ. എങ്ങനെ കാണുന്നു
=ഇല്ല, അതിനെക്കുറിച്ച് ഞങ്ങളങ്ങനെ ആലോചിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടം കഴിഞ്ഞെങ്കിലേ അതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യൂ.
? ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുകയെന്നത് ബി.ജെ.പിയുടെ അജന്‍ഡയാണ്. അപ്പോള്‍ കോലീബി സഖ്യമെന്നതിന്റെ യുക്തിയെന്താണ്
=കേരളത്തില്‍ ബി.ജെ.പിയുടെ എതിരാളി എല്ലായ്‌പ്പോഴും എല്‍.ഡി.എഫാണ്. അവര്‍ എല്‍.ഡി.എഫിനെതിരായിട്ടാണ് ഈ പറഞ്ഞ വോട്ട് കച്ചവടങ്ങളൊക്കെ നടത്തിയിട്ടുള്ളത്.
? വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുന്നതോടെ മൂന്നു മണ്ഡലങ്ങളാണ് താരമണ്ഡലങ്ങളായി മാറുന്നത്. ഇതില്‍ രണ്ടിടത്തും കടുത്ത മത്സരം നേരിടുന്നത് സി.പി.ഐയും
=ഞങ്ങളിപ്പോ അങ്ങനെയൊന്നും കാണുന്നില്ല. 20 മണ്ഡലങ്ങളും ഒരുപോലെയാണ് എല്‍.ഡി.എഫിന്. എല്ലാ മണ്ഡലങ്ങളിലും വളരെ ശക്തരായ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.
? ആരെ നിര്‍ത്തിയാലും ജയിക്കുന്ന വയനാട്ടിലേക്ക് രാഹുല്‍ വരുന്നത് ഒരു ഒളിച്ചോട്ടമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്
=മോദിഭരണത്തിനെതിരേ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ ഒരു കുരുക്കിലാക്കാന്‍ കെ.പി.സി.സി ഒരുക്കിയ കെണിയാണിത്. ഇടതുപക്ഷത്തിനെതിരായി ഒരു മത്സരം നടത്തേണ്ട സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷനെ തന്നെ കൊണ്ടുവരിക. ഈ കെണിയില്‍ രാഹുല്‍ വീഴുമോയെന്ന് അറിയില്ല.
?ഇടതിനെതിരേയുള്ള ഒരു പ്രധാന കാംപയിന്‍ അക്രമരാഷ്ട്രീയമാണ്, ഈ ഇലക്ഷനെ അതെങ്ങനെ ബാധിക്കും
=കൊലപാതക രാഷ്ട്രീയവും അക്രമരാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല.
? ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു തിരിച്ചടിയാകുമോ
=അങ്ങനെയാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഈയിടെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലുള്‍പ്പെടെ മികച്ച വിജയമാണ് എല്‍.ഡി.എഫ് നേടിയത്. ഇതിന്റെ ഫലം കൊയ്യാന്‍ കാത്തിരുന്ന ബി.ജെ.പിക്കാവട്ടെ ആകെ കിട്ടിയത് ഒരു സീറ്റാണ്. അത്രവേഗം കേരളത്തിലെ മതേതരത്വത്തെ നശിപ്പിക്കാന്‍ ഇവിടെ ആരു വിചാരിച്ചാലും നടക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."