കര്‍ഷകരെ ആത്മഹത്യ ചെയ്യിക്കണോ?
വര്‍ഷംതോറും പതിനായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്കു ശ്രദ്ധയില്‍പ്പെടുത്തി ഏപ്രില്‍ 14നു പ്രസിദ്ധീകരിച്ച മുഖപ്രസംഗം വായിച്ചു. ലഹരി ഉപയോഗിച്ച് കൗമാരപ്രായക്കാരും മദ്യലഹരിയില്‍പ്പെട്ടു കുടുംബനാഥന്മാരും ഒറ്റപ്പെടലില്‍പ്പെട്ടു വയോധികരുമൊക്കെ മരണതീരം തേടിപ്പോകുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ.
അതേസമയം, കുടുംബം പോറ്റാനായി കാര്‍ഷികരംഗത്തിറങ്ങി കടംകൊണ്ടു വീര്‍പ്പുമുട്ടി ജീവിതമവസാനിപ്പിക്കുന്ന ഹതഭാഗ്യരുടെ എണ്ണത്തിലും കേരളം പിന്നിലല്ലെന്നു സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കാര്‍ഷികരാജ്യമെന്നാണു നമ്മുടെ നാടു വാഴ്ത്തപ്പെടാറ്. സര്‍വീസില്‍നിന്നു വിരമിച്ചവര്‍പോലും പില്‍ക്കാലജീവിതം കൃഷിക്കായി നീക്കിവയ്ക്കുന്നവരാണ്.
അരിയും ഗോതമ്പും കരിമ്പുമുള്‍പ്പെടെ നമുക്കു വേണ്ടതെല്ലാം നാം തന്നെ നട്ടുവളര്‍ത്തുന്നുണ്ടെന്ന് അഭിമാനിച്ച ഇന്ത്യക്കാര്‍ ഇന്നു കൃഷിയിടങ്ങളില്‍ യാതന അനുഭവിക്കുകയാണ്. കൃഷിയാവശ്യത്തിനു വിത്തും വളവും വെള്ളവും ലഭിക്കാതിരിക്കുക, വിളകള്‍ക്കു മതിയായ വില കിട്ടാതിരിക്കുക എന്നീ ദുരിതങ്ങളൊക്കെ ഒരുവശത്ത്. ഇതിനൊപ്പം പാടശേഖരങ്ങളിലെ കൊടികുത്തി സമരങ്ങളും പ്രകൃതിക്ഷോഭവും മുതല്‍ വന്യമൃഗശല്യംവരെ ആ ദുരിതത്തിന് ആഴം വര്‍ധിപ്പിക്കുന്നു.
ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം മുഴക്കിയ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. കാര്‍ഷികപ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംവിധാനമുണ്ടായിരുന്നു. പില്‍ക്കാലത്ത് കൈയിലുള്ളതെല്ലാം കൃഷിയിലിറക്കി ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയവരൊക്കെയും കുത്തുപാളയെടുത്തു.
ഇക്കഴിഞ്ഞയാഴ്ചയാണു തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സംഘം കര്‍ഷകര്‍ തങ്ങളുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണാതെ വന്നപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ ചെന്നത്. എന്നാല്‍, ഉലകംചുറ്റുന്ന പ്രധാനമന്ത്രിക്ക് അവരെ കാണാന്‍ സമയമുണ്ടായില്ല. അവര്‍ ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിനും സൗത്ത് ബ്ലോക്കിനുമിടയില്‍ ഉടുതുണി അഴിച്ചിട്ടു പ്രകടനം നടത്തുക കൂടി ചെയ്തു നോക്കി. എന്നിട്ടും പരിഹാരമുണ്ടായില്ല.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നാട്ടില്‍നിന്ന് ഏപ്രില്‍ 21 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വദ്‌നാഗറില്‍ അവസാനിപ്പിക്കുന്ന വിധം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ മറ്റൊരു പ്രകടനത്തിനുളള ഒരുക്കത്തിലാണ്. നമ്മുടെ നാട്ടില്‍ കര്‍ഷകരെപ്പോലെ ഹര്‍ത്താലും ബന്ദും മാത്രം നടത്തി സമരം അവസാനിപ്പിക്കുന്ന കൂട്ടത്തിലല്ല അവര്‍. ഭീമമായ പലിശയ്ക്ക് ബാങ്ക് വായ്പയെടുത്തു തിരിച്ചടക്കാന്‍ കഴിയാതെ കിടപ്പാടംപോലും ജപ്തിക്കു വിധേയമാകുന്ന കണ്ണീര്‍ക്കയത്തിലാണവര്‍ മുങ്ങിത്താഴുന്നത്.
ആത്മഹത്യാവാര്‍ത്തകള്‍ പല സംസ്ഥാനങ്ങളില്‍നിന്നു വരുന്നത് അങ്ങനെയാണ്. താങ്ങുവില നല്‍കാന്‍പോലും സര്‍ക്കാരുകള്‍ മടികാണിക്കുമ്പോള്‍ കര്‍ഷകകുടുംബങ്ങള്‍ മരണത്തിലൂടെ മുക്തിനേടാന്‍ ശ്രമിക്കുകയാണ്.
കര്‍ഷകര്‍ക്കു സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ മടികാണിക്കുന്നതിനെതിരേ അവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പൊരുതുന്ന ഭരത്‌സിങ് ജാല എന്നയാള്‍ കഴിഞ്ഞമാസം സുപ്രിംകോടതിയെ സമീപിക്കുകയുണ്ടായി.
അന്‍പതോളം വ്യവസായികളുടെ ഒന്നരലക്ഷം കോടിയോളം രൂപയുടെ കടം എഴുതിത്തള്ളാന്‍ സന്നദ്ധമായ കേന്ദ്രഗവണ്‍മെന്റിനു പക്ഷേ, ഇളക്കമുണ്ടായില്ല. ഡല്‍ഹിയിലെത്തി ജന്ദര്‍മന്തറില്‍ സത്യഗ്രഹം നടത്തുന്ന തമിഴ്‌നാട് കര്‍ഷകരെ കാണാന്‍കൂടി ഭരണസാരഥികള്‍ സന്നദ്ധമായില്ല.
ചീഫ് ജസ്റ്റിസ് ജഗദിശ്‌സിങ് കെഹാറിന്റെ ബെഞ്ചില്‍ വിചാരണയ്‌ക്കെത്തിയ ഹരജിക്കിടയില്‍ വന്ന സ്ഥിതിവിവരക്കണക്കില്‍ പറഞ്ഞതു 2013-15 കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ മാത്രം 11,441 കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്നാണ്. ഈ കാലയളവില്‍ കര്‍ണാടകയില്‍ 3740 പേരും മധ്യപ്രദേശില്‍ 3578 പേരും മരണത്തെ പുല്‍കി. കേരളത്തില്‍ ഈ മൂന്നുവര്‍ഷക്കാലത്തു 1989 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും ഈ രേഖയില്‍ പറയുന്നു.
ആത്മഹത്യ കുറ്റകരമല്ലെന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണിന്ന് ഇന്ത്യ. സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം 2013-15 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ 1606 കര്‍ഷകരാണു മരിച്ചത്. ദുരിതബാധിതരായ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ഏപ്രില്‍ ആദ്യവാരത്തില്‍ മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.
ഇതിനായി ഇപ്പോള്‍ത്തന്നെ 5780 കോടി രൂപ കാണേണ്ട സര്‍ക്കാരിന് 1980 കോടി രൂപകൂടി കണ്ടെത്തേണ്ടിവരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റ് സജീവമായി മുന്നോട്ടുവരണമെന്നും ആത്മഹത്യകള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകസംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ചില സംസ്ഥാനങ്ങള്‍ ധീരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു മറക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി ഗവണ്‍മെന്റ് ഒരു ലക്ഷം രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ചു. 86 ലക്ഷത്തോളം കര്‍ഷകര്‍ക്കു സഹായകമാകും ഈ നടപടിയെന്നാണു കണക്കുകൂട്ടല്‍. ഇതേസമയം തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയം നോക്കി വായ്പ എഴുതിത്തള്ളുന്ന രീതിയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വിമര്‍ശിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ തമ്മില്‍ സഹകരിക്കാന്‍ തയാറല്ല. സുപ്രിംകോടതി നിര്‍ദേശിച്ചപോലെ സപ്തംബര്‍ 17 വരെ ആറായിരം ക്യുബിക്‌സ് ജലം കാവേരി നദിയില്‍നിന്നു തമിഴ്‌നാടിനു നല്‍കാന്‍ വയ്യെന്നാണ് കര്‍ണാടക നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം. ഇതു കോടതിയലക്ഷ്യമല്ലെന്ന വിവരം സുപ്രിംകോടതിയെ അറിയിക്കുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതിനായി പ്രഗത്ഭ അഭിഭാഷകനായ ഫാലി എസ്. നരിമാന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ അഭിഭാഷകസംഘത്തെ നിയോഗിക്കുകയും ചെയ്തു.
ബംഗളൂരു അടക്കമുള്ള പട്ടണത്തിലെ ജനങ്ങള്‍ കുടിക്കുന്നതു കാവേരി ജലമാണെന്നാണ് കര്‍ണാടക പറയുന്ന ന്യായം. കുടിക്കാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാത്ത വെള്ളമാണിതെന്ന് അവര്‍ വാദിക്കുന്നു. വരള്‍ച്ച മുന്‍കൂട്ടി കണ്ടു കാര്‍ഷിക കലണ്ടര്‍ തയാറാക്കാന്‍ മിക്ക സംസ്ഥാന ഗവണ്‍മെന്റുകളും തയാറാവുന്നില്ല. കേരള മന്ത്രിസഭ തന്നെയും നൂറുദിവസം പൂര്‍ത്തിയാക്കിയ ശേഷമാണ് അക്കാര്യം ചിന്തിച്ചത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന കേന്ദ്രത്തെ മുന്നില്‍ നിര്‍ത്തി പഞ്ചായത്തുകള്‍ തോറും ജലാവബോധ ശില്‍പശാലകള്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനംവരെ മാത്രമേ നാം എത്തിയിട്ടുള്ളൂ.
യഥാസമയം സംഭരണം നടത്താതെ നെല്ലു നശിക്കുന്ന ദുഃഖകരമായ അനുഭവം കൂടിയുള്ള സംസ്ഥാനമാണു കേരളം. മഴക്കുറവിനും ഉഷ്ണക്കൂടുതലിനും പുറമെ കീടബാധകളും ഭീഷണി സൃഷ്ടിക്കുന്നിടത്ത് സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുമ്പോള്‍ മറ്റെന്താണു പറയുക.
കേരളമെന്ന പേരു തന്നെ സൂചിപ്പിക്കുന്നതുപോലെ കേരം തിങ്ങിയിരുന്ന നാടായിരുന്നു ഇത്. ഇന്ന് ആ കുത്തകാവകാശം നമുക്കു നഷ്ടപ്പെട്ടു. വേനല്‍ക്കാലത്തു മലയാളിക്കു ദാഹമകറ്റണമെങ്കില്‍ ഇളനീര്‍ തമിഴ്‌നാട്ടില്‍നിന്ന് ഇറക്കുമതി ചെയ്യണം. കേരളത്തിന്റെ പ്രധാനഭക്ഷണം അരിയാണ്. എന്നാല്‍, ആവശ്യത്തിനു നെല്ലുല്‍പ്പാദനം ഇവിടെ നടക്കുന്നില്ല.
ഇവിടുത്തെ നെല്‍കൃഷി രണ്ടരലക്ഷം ഹെക്ടറില്‍ ഒതുങ്ങിക്കിടക്കുകയാണ്. സമുദ്രനിരപ്പിനു താഴെപ്പോലും നാം നെല്‍കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാറില്ല. രക്ഷിക്കാന്‍ ആന്ധ്ര അരിയുണ്ടെന്ന ധാരണയാണു നമുക്ക്.
കുട്ടനാടന്‍ പാടശേഖരങ്ങളോടു കാണിക്കുന്ന താല്‍പര്യം അതിലേറെ നെല്‍കൃഷി നടത്തുന്ന പാലക്കാടിനോടു നാം കാണിക്കുന്നില്ല. എല്ലാ പ്രയാസങ്ങള്‍ക്കിടയിലും വര്‍ഷംതോറും രണ്ടരലക്ഷം മെട്രിക് ടണ്‍ അരി ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് നമ്മുടെ ഏറ്റവും ചെറിയ ജില്ലകളിലൊന്നായ പാലക്കാട്.
സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ കേട്ടു ലക്ഷങ്ങള്‍ വായ്പയെടുത്തു തരിശ്പാടങ്ങളില്‍പ്പോലും കൃഷിയിറക്കാന്‍ സന്നദ്ധരാകുന്ന കര്‍ഷകസംഘങ്ങള്‍ സര്‍ക്കാര്‍ സഹായത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ടിവരുന്നു.
കുടുംബം പോറ്റാന്‍ കഴിയാതെയും കടങ്ങള്‍ വീട്ടാന്‍ സാധിക്കാതെയും ജപ്തി നടപടികളെ നേരിടേണ്ട ഗതികേടിലാണവര്‍. ഇത്തരുണത്തിലെങ്കിലും മൂന്നുവര്‍ഷത്തിനകം രണ്ടായിരത്തോളം കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."