നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നില നില്‍പ്പിനായുള്ള പോരാട്ടം കൂടിയാണ്. അംഗത്വത്തില്‍ പത്തുമടങ്ങ് വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അവകാശപ്പെട്ട ഇരു പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ കേരളം കനിഞ്ഞില്ലെങ്കില്‍ അപ്രസക്തമായേക്കും. അതുകൊണ്ടു തന്നെയാണ് അടവുകള്‍ പലതും പയറ്റി സി.പി.എം മുന്‍ തെരഞ്ഞെടുപ്പുകളിലേതു പോലെ സ്വതന്ത്രരുടെ എണ്ണം കുറച്ച സിറ്റിങ് എം.എല്‍.എമാരെ വരെ കളത്തിലിറക്കിക്കളിക്കുന്നത്. സി.പി.ഐ ആകട്ടെ കേരളത്തില്‍ നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും വലിയ വിജയ പ്രതീക്ഷയില്ല.
രാജ്യത്താകെ സി.പി.എം 45 സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ഏക പ്രതീക്ഷ കേരളത്തിലാണ്. പക്ഷെ സി.പി.എമ്മിനെ തുടച്ചുനീക്കണമെന്ന ലക്ഷ്യത്തോടെ ഇവിടെ കോണ്‍ഗ്രസും ബി.ജെ.പിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കേരളത്തില്‍നിന്ന് കാര്യമായി സീറ്റ് നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേശീയപാര്‍ട്ടി പദവി നഷ്ടമാകും. അതോടെ പാര്‍ട്ടി ഇതുവരെ അനുഭവിച്ചിരുന്ന പല സൗഭാഗ്യങ്ങളും ഇല്ലാതാകും.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പൊളിഞ്ഞതോടെ ഈ ആശങ്ക പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. കേരളത്തിനുപുറമെ തമിഴ്‌നാട്ടില്‍ മാത്രമാണ് ഇരു പാര്‍ട്ടികള്‍ക്കും സീറ്റ് പ്രതീക്ഷയുള്ളത്.നിലവില്‍ രാജ്യത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി 11 എം.പിമാര്‍ ഉണ്ടാകണം, അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ നിന്നായി ആറു ശതമാനം വോട്ടും നാല് എം.പിമാരും വേണം.
സംസ്ഥാന പദവിയെങ്കിലും നില നിര്‍ത്തുക എന്നതുകൊണ്ടു തന്നെയാണ് സംസ്ഥാനത്ത് ജീവന്‍മരണ പോരാട്ടത്തില്‍ സി.പി.എം ഇറങ്ങിയിരിക്കുന്നത്. സി.പി.ഐ ഒഴികെ മറ്റു ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാതെ 16 സീറ്റിലും സി.പി.എം മത്സരിക്കുന്നതും ഈ ഭീഷണി ഉള്ളതു കൊണ്ടാണ്. സീറ്റ് ചോദിച്ച മറ്റു ഘടകകക്ഷികളോട് സി.പി.എം വ്യക്തമാക്കിയതും ഇതുതന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര എം.പിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സി.പി.എം ദേശീയ പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ സി.പി.ഐക്ക് ഈ മാനദണ്ഡം പാലിക്കാനായില്ല. ഇതിനിടെ ദേശീയപാര്‍ട്ടി പദവിയുടെ ചട്ടം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഒരു തെരഞ്ഞെടുപ്പില്‍ കൂടി സി.പി.ഐക്ക് അവസരം നല്‍കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ആവശ്യമായ സീറ്റ് നേടാനായില്ലെങ്കില്‍ ദേശീയപാര്‍ട്ടി പദവി ഇരുപാര്‍ട്ടികള്‍ക്കും വെറും സ്വപ്‌നമായി മാറും.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നടത്തിയ നീക്കുപോക്കുകള്‍ തകര്‍ന്നതോടെ വിജയപ്രതീക്ഷ ഇരുപാര്‍ട്ടികള്‍ക്കും നഷ്ടമായിരിക്കുകയാണ്. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ഈ തെരഞ്ഞെടുപ്പില്‍ അവിടെനിന്നുള്ള വോട്ടിങ് ശതമാനം കുറയുമെന്ന സൂചന നല്‍കുന്നുണ്ട്. ആറുശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം നേടാനുള്ള സാഹചര്യം നിലവില്‍ പാര്‍ട്ടി മുന്നില്‍ കാണുന്നില്ല.
34 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എം ഇപ്പോള്‍ അവിടെ തൃണമൂലിനും ബി.ജെ.പിക്കും കോണ്‍ഗ്രസിനും പിറകെ നാലാം സ്ഥാനത്താണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കുന്ന സി.പി.എമ്മും സി.പി.ഐയും വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് 11 എം.പിമാരെയെങ്കിലും വിജയിപ്പിച്ചെടുക്കണമെന്നാണ് മൂന്നുസംസ്ഥാന ഘടകങ്ങള്‍ക്കും സി.പി.എം കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. കേരളത്തില്‍ എട്ടു സീറ്റിലെങ്കിലും വിജയം ഉറപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിനുകിട്ടിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."