കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്
തിരുവനന്തപുര: ജെസ്‌നയുടെ തിരോധാന കേസ് സി.ബി.ഐക്ക് വിടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തല്ലിച്ചതച്ചു. ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം പത്തോളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. നബീല്‍ കല്ലമ്പലം, അരുണ്‍ രാജേന്ദ്രന്‍, ആഷിന്‍, മാത്യു കെ. ജോണ്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു പൊലിസ് അതിക്രമം. ഇന്നലെ 12.30 ഓടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയത്. ഉദ്ഘാടനം നിര്‍വഹിച്ച് ഉമ്മന്‍ചാണ്ടി മടങ്ങിയതോടെ പൊലിസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെ പൊലിസ് ലാത്തി വീശി. ഇതില്‍ തലയ്ക്ക് പരുക്കേറ്റ അഭിജിത്തിനെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ പൊലിസ് വീണ്ടും പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ നടത്തിയ പീരങ്കി പ്രയോഗത്തിന് പിന്നാലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അല്‍പനേരത്തിന് ശേഷം പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
പരുക്കേറ്റ പ്രവര്‍ത്തകരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ മൃഗീയമായി തല്ലിച്ചതയ്ക്കുകയും സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ തലയടിച്ച് പൊളിക്കുകയും ചെയ്ത പൊലിസ് നടപടിയെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അപലപിച്ചു.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. കൊടിയ മര്‍ദനമുറകളിലൂടെ കെ.എസ്.യു പ്രവര്‍ത്തകരുടെ വീര്യം തല്ലിക്കെടുത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അത് വിലപ്പോകില്ലെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."