HOME
DETAILS
MAL
കുത്തഴിഞ്ഞ് വിദ്യാഭ്യാസ ഓഫിസുകള്‍; വടിയെടുത്ത് ഡി.പി.ഐ
backup
June 11 2020 | 02:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി ഡി.പി.ഐ.
ജീവനക്കാര്‍ ജോലി കഴിഞ്ഞിറങ്ങുമ്പാള്‍ ഒപ്പിടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ ഓഫിസുകളിലെ ജീവനക്കാരുടെ ഹാജര്‍, സമയനിഷ്ഠ, ഉത്തരവാദിത്വം എന്നിവ തൃപ്തികരമല്ലെന്ന് സര്‍ക്കാരിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഹാജര്‍ പുസ്തകത്തില്‍ എല്ലാ ജീവനക്കാരുടെയും പേരിനു താഴെ 'പെന്‍ ' നമ്പര്‍ (പെര്‍മനന്റ് എംപ്ലോയി നമ്പര്‍) കൂടി എഴുതണം. അക്കങ്ങള്‍ ഒഴികെയുള്ള രേഖപ്പെടുത്തലുകള്‍ മലയാളത്തില്‍ ആയിരിക്കണം, ഉച്ചയ്ക്ക് ശേഷം ഹാജര്‍ രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കണം. പുസ്തകത്തിലെ ആഫ്റ്റര്‍ നൂണ്‍ (എ.എന്‍) കോളത്തില്‍ ഒപ്പിടുന്നത് ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് മാത്രമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മറ്റു ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക്, ആ ജോലിയുടെ സ്വഭാവം, സ്ഥലം, തിയതി എന്നിവ സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് ഉത്തരവായി നല്‍കിയിരിക്കണം.
അക്കാര്യം ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തണം. മുന്‍കൂട്ടി അറിയിക്കാതെ ഓഫിസില്‍ എത്താതിരിക്കുന്നവര്‍ വിവരം ഫോണ്‍ വഴി സെക്ഷന്‍ സൂപ്രണ്ടിനെ അറിയിക്കണം. പേഴ്‌സണല്‍ രജിസ്റ്ററിലെ വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തണം. ഇവ സൂക്ഷിക്കേണ്ടതും സമയാസമയത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും സെക്ഷന്‍ ക്ലാര്‍ക്കുമാരുടെ കൂടി ഉത്തരവാദിത്തമാണ്.
ഉടന്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഓഫിസ് മേധാവി ഉറപ്പുവരുത്തുകയും വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."