HOME
DETAILS
MAL
കരിമണല്‍ വിഷയത്തില്‍ ഇടതു മുന്നണിയില്‍ പോര് മുറുകി; മന്ത്രിമാര്‍ക്കിടയിലും ഭിന്നത
backup
June 11 2020 | 02:06 AM
ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം, സി.പി.ഐ തമ്മിലുള്ള തുറന്ന പോര് മുറുകിയതോടെ മന്ത്രിമാരും രണ്ടു തട്ടിലായി. കരിമണല്‍ വിഷയത്തില്‍ യു.ഡി.എഫിനൊപ്പം സമര രംഗത്തുള്ള സി.പി.ഐയ്ക്ക് മന്ത്രി പി. തിലോത്തമന്റെ പിന്തുണയുണ്ടെന്ന് ആരോപിച്ച് സി.പി.എം നേതൃത്വം മന്ത്രിക്കെതിരേ പ്രതിഷേധത്തിലാണ്. കരിമണല്‍ ഖനന വിഷയത്തില്‍ ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ ജി.സുധാകരനും പി. തിലോത്തമനും തമ്മില്‍ കടുത്ത ഭിന്നിപ്പുണ്ട്.
പരസ്യമായി ഇത് പ്രകടിപ്പിക്കുന്നില്ലെങ്കിലും മന്ത്രിമാരുടെ ശീതസമരം ജില്ലയിലെ സി.പി.എം, സി.പി.ഐ പോരിന് ആക്കം കൂട്ടുന്നു. സര്‍ക്കാരിന്റെ ഭാഗമായ പി.തിലോത്തമന്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് തിരുത്താന്‍ തയാറാകണമെന്ന് സി.പി.എം നേതൃത്വം കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
സി.പി.ഐ നിലപാട് കോണ്‍ഗ്രസിന് സമാനമായതെന്ന ജനങ്ങളുടെ സംശയം സ്വാഭാവികമെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ആര്‍.നാസര്‍ വിമര്‍ശിച്ചത്.
മന്ത്രി തിലോത്തമനെതിരായ സി.പി.എം പ്രസ്താവനക്കെതിരേ സി.പി.ഐ ശക്തമായി രംഗത്തെത്തി. കരിമണല്‍ ഖനത്തിനെതിരേയുള്ള ജനവികാരത്തെ വിവാദം ഉയര്‍ത്തി തടയാനാണ് തിലോത്തമനെതിരായ ആരോപണത്തിലൂടെ സി.പി.എം ശ്രമിക്കുന്നതെന്ന് ആലപ്പുഴ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു.
കരിമണല്‍ ഖനന വിഷയത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്നും ആഞ്ചലോസ് വ്യക്തമാക്കി. കേരളത്തിലെ ഏക എല്‍.ഡി.എഫ് പാര്‍ലമെന്റംഗമായ എ.എം ആരിഫ് തെരഞ്ഞെടുക്കപ്പെട്ടത് ചേര്‍ത്തലയിലെ ഭൂരിപക്ഷം മൂലമാണ്.
ഇത് തിലോത്തമന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും ആഞ്ചലോസ് മറുപടി നല്‍കി. എന്നാല്‍ വിഷയത്തില്‍ സി.പി.ഐ നിലപാട് തിരുത്താന്‍ തയാറാകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എം ആരിഫ് വിജയിച്ചത് സി.പി.ഐയുടെ വോട്ട് കൊണ്ടെന്ന പ്രസ്താവന ബാലിശമാണെന്നും ആര്‍.നാസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."