എ.ടി.എം കൗണ്ടറുകള്‍ ഇ- ടോയ്ലറ്റുകളാക്കുന്നതാണ് നല്ലത്: ഉഴവൂര്‍ വിജയന്
തിരുവനന്തപുരം: ഉപയോഗശൂന്യമായി മാറിയ എ.ടി.എം കൗണ്ടറുകള്‍ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇ- ടോയ്ലറ്റുകളാക്കി മാറ്റുന്നതാണ് ഉചിതമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. മലയാളികള്‍ക്ക് പണം നിഷേധിക്കുന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നയത്തിനെതിരേ നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന കമ്മിറ്റി റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തിയ ഭിക്ഷാടനസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതെ പട്ടിണിക്കിട്ടുകൊല്ലാന് ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുടെ പടിവാതില്ക്കല്കൂടി നടന്നുപോയാല്‍പ്പോലും പിഴ ചുമത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."