മെഡിക്കല്‍ കോളജ് കാംപസ് ഇനി സൈക്കിള്‍മുക്ക്
ചേവായൂര്‍: സൈക്കിള്‍ യാത്രയിലൂടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ കോളജ് കാംപസില്‍ സൈക്കിള്‍ മുക്ക് പദ്ധതിക്ക് തുടക്കം. 35 സൈക്കിളുകള്‍ കാംപസിന് സമര്‍പ്പിച്ചുകൊണ്ട് തിരുവനന്തപുരം സ്വദേശിയും ഡല്‍ഹി ജാമിഅ മില്ലിയ ബിരുദ വിദ്യാര്‍ഥിയുമായ അല്‍ അമീനാണ് ഉദ്ഘാടനം ചെയ്തത്.
കുട്ടികള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിള്‍ യാത്ര നടത്തുന്ന ഗാന്ധി ഗ്ലോബല്‍ ഫാമിലി യൂത്ത് കോഡിനേറ്ററാണ് അല്‍ അമീന്.
കാംപസ് ആരോഗ്യ രംഗത്ത് പുത്തന്‍ കാഴ്ചപ്പാടുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന കോളജ് യൂനിയന്‍ 2018ന്റെ ഹെല്‍ത്തി കാംപസ് പാദ്ധതിയോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൈക്കിള്‍ മുക്ക് പരിപാടിയാണ് ഇന്നലെ കാംപസില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വിദ്യാര്‍ഥികളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഇന്ത്യയിലെ മുന്‍നിര കാംപസുകളും വിദേശ രാജ്യങ്ങളും സൈക്കിള്‍ ഉപയോഗത്തിലൂടെ ആരോഗ്യ മേഖലയില്‍ ഗുണകരമായ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നതാണ് പദ്ധതിയുടെ പ്രചോദനം. ഇത്തരമൊരാശയം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചത് മാതൃശിശു കേന്ദ്രം മുന്‍ സൂപ്രണ്ട് ഡോ. പി.കെ ശശിധരനാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, മിംസ് ആശുപത്രി, അലുമിനി 20ാം ബാച്ച് എന്നിവരാണ് സൈക്കിള്‍ സ്പോണ്സര് ചെയ്തത്.ഇനിയും സൈക്കിള്‍ വാഗ്ദാനം ചെയ്തവരുണ്ടെന്നും പദ്ധതി കാംപസിനെ ആവേശത്തിലാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വര്‍ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സൈക്കിള്‍ വിപ്ലവത്തിലൂടെ മറുപടി പറയുകയാണ് കോളജ് യൂനിയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."