കരിഞ്ചോലമല: വ്യാജരേഖയുണ്ടാക്കി ആംബുലന്‍സ് വാടക ആവശ്യപ്പെട്ട നടപടി വിവാദത്തില്‍
താമരശേരി: കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും സേവനത്തിനും എത്തിയ ആംബുലന്‍സുകള്‍ സര്‍വിസ് നടത്തിയെന്ന് വ്യാജരേഖയുണ്ടാക്കി വാടക ആവശ്യപ്പെട്ടത് വിവാദത്തില്‍. വിവിധ വ്യക്തികളുടെയും സംഘടനകളുടെയും ആംബുലന്‍സുകള്‍ക്കാണ് പ്രതിഫലം ആവശ്യപ്പെട്ട് 'ഏയ്ഞ്ചല്‍' മുഖാന്തിരം കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ ചില ജീവകാരുണ്യ സംഘടനകളുടെ ആംബുലന്‍സും ഉള്‍പ്പെടും.
ഇരുപതിലധികം ആംബുലന്‍സുകള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും 10 പേരാണ് പ്രതിഫലം ആവശ്യപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കിലോമീറ്റര്‍ പോലും ഓടാത്ത ആംബുലന്‍സുകള്‍ 30 മുതല്‍ 300 വരെ കിലോമീറ്റര്‍ സര്‍വിസ് നടത്തിയെന്ന് തെറ്റായ വിവരം നല്‍കി 525 രൂപ മുതല്‍ 5250 രൂപ വരെ ലഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 10 ആംബുലന്‍സ് ഉടമകള്‍ ആകെ 21399 രൂപ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. ഇതിനായി ആകെ 1105 കിലോമീറ്റര്‍ ഓടിയെന്ന് അപേക്ഷയില്‍ പറയുന്നുണ്ട്.
ദുരന്തസ്ഥലത്ത് നിന്ന് പരുക്കേറ്റ രണ്ടുപേരെ മാത്രമേ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയിട്ടുള്ളൂ. മരിച്ചവരുടെ ഇന്‍ക്വസ്റ്റ് അടക്കം സമീപത്തു തന്നെയാണ് നടത്തിയത്. ഇതു കണക്കാക്കുമ്പോള്‍ മൃതദേഹവുമായി സഞ്ചരിച്ച പരമാവധി ദൂരം ഒരു കിലോമീറ്ററില്‍ താഴെയാണ്. ഇതില്‍ പലരേയും കൊണ്ടുപോയതും പരുക്കേറ്റവരെ ചികത്സയ്ക്ക് എത്തിച്ചതും പ്രതിഫലം ആവശ്യപ്പെടാത്ത ആംബുലന്‍സുകളാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ ആംബുലന്‍സുകള്‍ കണക്കുകള്‍ തെറ്റായി കാണിച്ചതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വാഹനങ്ങള്‍ ദുരന്തസ്ഥലത്ത് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പ്രതിഫലം ആവശ്യപ്പെട്ടതും വലിയ വിവാദമായിട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിഖായ, എസ്.കെ.എസ്.എസ്.എഫ്, ചാവറ ഹോസ്പിറ്റല്‍, സി.എച്ച് സെന്റര്‍ മെഡിക്കല്‍ കോളജ്, എസ്.വൈ.എസ് സാന്ത്വനം, കെയര്‍ ഓണ്‍ വീല്‍സ്, പ്രതീക്ഷ, ഗ്രീന്‍ ആര്‍മി, നന്മ കോരങ്ങാട് തുടങ്ങി 10ലധികം ആംബുലന്‍സുകള്‍ പ്രതിഫലം ആവശ്യപ്പെടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മാതൃകയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."