ജെസ്‌നയെ കാണാതായ ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചു
പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തിന്റെ അന്വേഷണത്തിന് നിര്‍ണായക വഴിത്തിരിവ്. ജെസ്‌നയെ കാണാതായ ദിവസത്തെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. കോട്ടയം മുണ്ടക്കയം സ്റ്റാന്‍ഡിന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ കടയിലെ സി.സിടിവിയിലെ ദൃശ്യങ്ങളാണിത്. നേരത്തെ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നഷ്ട്ടപ്പെടിരുന്നു. തുടര്‍ന്നു പൊലിസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കുകയായിരുന്നു.
കാണാതായ ദിവസം (മാര്‍ച്ച് 22) പകല്‍ 11.44 നു ബസ്സ്റ്റാന്‍ഡിനടുത്തുള്ള കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ജെസ്‌നയുടെ ദൃശ്യങ്ങളാണു സി.സി.ടി.വിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ആറുമിനിറ്റിനു ശേഷം ജെസ്‌നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരേയും ജസ്‌നയുടെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ജെസ്‌ന ധരിച്ച വസ്ത്രങ്ങളല്ല ദൃശ്യങ്ങളിലുള്ളത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജെസ്‌ന ധരിച്ചിരുന്നതു ചുരിദാര്‍ ആണെന്നാണ് എരിമേലിയില്‍ കണ്ടവരുടെ മൊഴി. എന്നാല്‍ മുണ്ടയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. രണ്ടു ബാഗുകള്‍ കൈവശമുണ്ട്. മുണ്ടക്കയത്ത് നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയിരിക്കാമെന്നാണ് പൊലിസ് സംശയിക്കുന്നത്. കടകളിലുള്ളവരെ ചോദ്യം ചെയ്യും.
ദൃശ്യങ്ങളില്‍ മറ്റു ചില വ്യക്തികളെയും കാണുന്നുണ്ട്. അവരെ കണ്ടെത്താനും പൊലിസ് ശ്രമിക്കുന്നുണ്ട്. അവരോട് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെടും. ഇതില്‍ നിന്ന് എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ജെസ്‌ന വസ്ത്രം മാറിയത് എവിടെ വച്ചാണെന്നും പൊലിസ് അന്വേഷിക്കും.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരി നല്‍കിയ ഹരജി ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."