ജയരാജനെതിരേ നടപടി മയപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍: ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ നിന്നും വിട്ടുനിന്ന ഇ.പി ജയരാജനെതിരേ ശാസനയോ വിശദീകരണം തേടലോ മതിയെന്ന അഭിപ്രായവുമായി ഒരു വിഭാഗം നേതാക്കള്‍. മുഖ്യമന്ത്രിയോട് ആഭിമുഖ്യമുള്ള കണ്ണൂരിലെ നേതാക്കളാണ് ഈ അഭിപ്രായമുന്നയിക്കുന്നത്. പിഴവുകള്‍ അംഗീകരിച്ചു വിശദീകരണം നല്‍കിയാല്‍ നടപടി ശാസനയിലോ താക്കീതിലോ ഒതുങ്ങും.
പനി ബാധിച്ചതിനാല്‍ ഇന്നലെ സി.സി യോഗത്തില്‍ ജയരാജന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹം കൊച്ചിയില്‍ വിശ്രമത്തിലാണ്. അവധിവേണമെന്ന ജയരാജന്റെ അപേക്ഷ കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ജയരാജനോടൊപ്പം ആരോപണ വിധേയയായ പി.കെ ശ്രീമതി ഡല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരോട് വിശദീകരണം ചോദിക്കും. ഇന്നും തുടരുന്ന യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. പങ്കെടുത്തില്ലെങ്കില്‍ നടപടി അടുത്ത സി.സി യോഗത്തിലേക്ക് മാറ്റും.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും വീഴ്ചപറ്റിയെന്നു കഴിഞ്ഞ ദിവസം പി.ബിയോഗം വിലയിരുത്തിയിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കുകയായിരുന്നു പി.ബി. റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ ഇരു നേതാക്കള്‍ക്കും പിഴവുണ്ടായതായി അംഗങ്ങളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ഇതോടെയാണ് കേന്ദ്രകമ്മിറ്റിയോഗത്തില്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ഇരു നേതാക്കളും കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാലാണ് വിഷയം സി.സി തന്നെ കൈകാര്യം ചെയ്യണമെന്ന ധാരണയിലെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ കോടതി വിജിലന്‍സിനു വേണമെങ്കില്‍ കേസ് എഴുതിത്തള്ളാമെന്നു അഭിപ്രായം പറഞ്ഞിട്ടും തനിക്കെതിരേ വിമര്‍ശനം തുടരുന്നതില്‍ ഇ.പിക്ക് അതൃപ്തിയുണ്ട്.
പ്രഥമദൃഷ്ട്യാ ധനവ്യവഹാരമോ സംസ്ഥാന ഖജനാവിനു നഷ്ടമോ വരാത്ത വിവാദത്തില്‍ തന്നെ ധൃതി പിടിച്ചു മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതിന്റെ അസ്വസ്ഥത ഇ.പിയെ വിട്ടുമാറിയിട്ടില്ല. ഇതിനിടയിലാണ് കോടതി അനുകൂലപരാമര്‍ശം നടത്തിയത്.
ഇ.പിക്കെതിരേ കേസെടുത്തു അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് അവധിയില്‍ പോയതും തുണയായി. ഈയൊരു സാഹചര്യത്തില്‍ മന്ത്രിസഭാ പുന:പ്രവേശമെന്ന ആവശ്യം ഇ.പിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഭാര്യാസഹോദരിയുമായ പി.കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."