HOME
DETAILS
MAL
കുതിരക്കച്ചവടം 'രാഷ്ട്രീയ വൈറസ് ' രാജസ്ഥാനിലും?
backup
June 12 2020 | 02:06 AM
ജയ്പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജിവയ്പിച്ച് ഭരണം പിടിച്ചടക്കിയ ബി.ജെ.പി, സമാന രീതിയില്‍ രാജസ്ഥാനിലും നീക്കം നടത്തുന്നു. രാജസ്ഥാനടക്കം വിവിധ സംസ്ഥാനങ്ങളില്‍ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ചിലും കഴിഞ്ഞ ദിവസങ്ങളിലുമായി ഗുജറാത്തില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ഇതോടെ, അവിടെ ഒരു രാജ്യസഭാ സീറ്റ് പാര്‍ട്ടിക്കു നഷ്ടപ്പെടുമെന്ന അവസ്ഥയാണ്.
ഗുജറാത്തില്‍നിന്നു തങ്ങളുടെ ചില എം.എല്‍.എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെ റിസോര്‍ട്ടിലേക്കു മാറ്റിയതിനു പിന്നാലെയാണ് രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. തങ്ങളുടെ ചില എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കുതിരക്കച്ചവടത്തിനു ശ്രമം നടക്കുന്നതായി നിയമസഭാ ചീഫ് വിപ്പ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുകയും ഇക്കാര്യത്തില്‍ അന്വേഷണത്തിനു നിര്‍ദേശിക്കുകയും ചെയ്തതിനു പിന്നാലെ, രാജസ്ഥാനിലെ തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായാണ് വിവരം. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റിയിട്ടുള്ളത്.
കഴിഞ്ഞ മാര്‍ച്ചില്‍ മധ്യപ്രദേശില്‍ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെ ഇവിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ വീണിരുന്നു. ഇവിടെയും 19ന് രാജ്യസഭാ തെരഞ്ഞെടുപ്പും പിന്നാലെ ഈ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കേ, വലിയ രാഷ്ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
വാഗ്ദാനം 25 കോടി;
10 കോടി അഡ്വാന്‍സ്!
ജയ്പൂര്‍: രാജസ്ഥാനിലും കുതിരക്കച്ചവടത്തിനു ബി.ജെ.പി ശ്രമിക്കുന്നെന്ന ആരോപണം ശരിവച്ച് രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. പാര്‍ട്ടിയുടെ ചില എം.എവല്‍.എമാരെ ബി.ജെ.പി സമീപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, 25 കോടി രൂപയാണ് അവര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. ഇതില്‍ പത്തു കോടി രൂപ മുന്‍കൂറായി നല്‍കാമെന്നും പറഞ്ഞിട്ടുണ്ടത്രേ. എന്നാല്‍, തങ്ങളുടെ എം.എല്‍.എമാര്‍ ഇതില്‍ വീഴില്ലെന്നാണ് ഗെലോട്ട് വ്യക്തമാക്കുന്നത്.
മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഗെലോട്ട് ആരോപിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനു സാഹചര്യമൊരുക്കാനാണ് തെരഞ്ഞെടുപ്പ് നീട്ടിവച്ചതെന്നാണ് അദ്ദേഹം ആരോപിച്ചത്. രാജസ്ഥാനില്‍ ബി.ജെ.പിയുടെ ശ്രമം അറിഞ്ഞതിനു പിന്നാലെ തങ്ങളുടെ 107 എം.എല്‍.എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 12 എം.എല്‍.എമാരെയും കോണ്‍ഗ്രസ് സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 200 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണുള്ളത്.
എന്നാല്‍, ആരോപണം നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ തങ്ങളുടെ മേല്‍ കെട്ടിവയ്ക്കേണ്ടെന്നും ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും ബി.ജെ.പി സംസ്ഥാന വക്താവ് മുകേഷ് പരീക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."