കാട്ടാന വന്നാല്‍ എന്തു ചെയ്യും രാമച്ചിയില്‍ ആനമതില്‍ പ്രവൃത്തികള്‍ നിലച്ചു
കേളകം: കരിയങ്കാപ്പ് രാമച്ചിയില്‍ ആനമതില്‍ പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം നിലച്ചു. ഇതോടെ രാമച്ചി, ശാന്തിഗിരി, പന്ന്യാമലയിലെ കര്‍ഷകരുടെ പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീണു. ഫണ്ട് അനുവദിക്കാത്തതാണ് തുടര്‍പ്രവൃത്തി നിലയ്ക്കാന്‍ കാരണമായത്. ഒന്നാം ഘട്ടത്തില്‍ 13.6 കോടി ചെലവഴിച്ച് വളയഞ്ചാല്‍ മുതല്‍ കരിയങ്കാപ്പ് വരെ ഒന്‍പതര കിലോമീറ്റര്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിവന്ന 1.45 കോടി രൂപ ചെലവഴിച്ച് രണ്ടാം ഘട്ടമായി കരിയങ്കാപ്പ് മുതല്‍ രാമച്ചി വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ ആനമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. രാമച്ചി മുതല്‍ പന്ന്യാമല റോഡ് വരെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും കൊട്ടിയൂര്‍ വനാതിര്‍ത്തിയിലും മൂന്നു കോടി രൂപ ചെലവഴിച്ച് ആനമതില്‍ നിര്‍മിക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇതിനാവശ്യമായ പണം അനുവദിക്കുന്നതില്‍ വന്ന കാലതാമസമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഒന്നാം ഘട്ടത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിക്കാണ് രണ്ടാംഘട്ട പ്രവൃത്തിയുടേയും കരാര്‍ നല്‍കിയത്. പണം അനുവദിക്കാത്തതിനാല്‍ ഒരു കിലോമീറ്റര്‍ പൂര്‍ത്തിയാക്കി കരാറുകാര്‍ മടങ്ങി. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കനത്ത നാശം വരുത്തുന്ന രാമച്ചി പ്രദേശങ്ങളിലാണ് ആനമതില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയായത്. തുടര്‍ ഫണ്ട് ലഭ്യമാക്കി ഉടന്‍ പ്രവൃത്തി പുനരാരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."