കൊവിഡ്: നാലു കോടിയോളം മനുഷ്യര്‍ കൊടിയ പട്ടിണിയിലേക്ക്: മുന്നറിയിപ്പുമായി യു.എന്‍
ലണ്ടന്‍: കൊവിഡിനെ തുടര്‍ന്ന് ലോകത്ത് നാലു കോടിയോളം പേര്‍ കൂടി കൊടും പട്ടിണിയിലാകുമെന്നും 1.90 ഡോളര്‍ പോലും പ്രതിദിന വരുമാനമില്ലാത്തവരുടെ എണ്ണം 100 കോടിയിലധികമാവുമെന്നും യു.എന്‍ റിപ്പോര്‍ട്ട്. വികസന സാമ്പത്തിക ഗവേഷണം നടത്തുന്ന യു.എന്‍ സ്ഥാപനമായ യു.എന്‍.യു-വൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പ്രതിദിനം 5.50 ഡോളര്‍ ലഭിക്കാത്തവരാണ് ലോകബാങ്ക് മാനദണ്ഡപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍. എന്നാല്‍ ദിവസേന രണ്ടു ഡോളര്‍ പോലുമില്ലാതെ 112 കോടിയോളം ആളുകള്‍ കൊടും പട്ടിണിയിലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പോലും 370 കോടി ആളുകള്‍ -ലോകജനസംഖ്യയുടെ പകുതിയിലധികം പേര്‍- പ്രതിദിനം 5.50 ഡോളര്‍ പോലുമില്ലാതെ കഴിയേണ്ട അവസ്ഥയാണ് വരാനിരിക്കുന്നത്. ജനസാന്ദ്രമായ ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലായിരിക്കും പട്ടിണി കൂടുതല്‍ പ്രകടമാവുകയെന്നും ലണ്ടനിലെ കിങ്‌സ് കോളജിലെയും ആസ്‌ത്രേലിയന്‍ ദേശീയ യൂനിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേ സമയം കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ദശലക്ഷക്കണക്കിനു കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടുമെന്ന് യു.എന്‍. 2000ത്തിനു ശേഷം ഇതാദ്യമായി ബാലവേല 94 ദശലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കൊവിഡ് കാര്യങ്ങള്‍ ദുഷ്‌കരമാക്കുമെന്നും യൂനിസെഫും അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐ.എല്‍.ഒ)യും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പട്ടിണി വര്‍ധിക്കാനിടയാക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈവര്‍ഷം 60 ദശലക്ഷം ആളുകള്‍ പട്ടിണിയിലാവുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊവിഡ് കുടുംബങ്ങളുടെ വരുമാനം ഇല്ലാതാക്കുന്നതോടെ പലരും കുട്ടികളെ ജോലിക്ക് വിടുന്ന അവസ്ഥ വരുമെന്ന് ഐ.എല്‍.ഒ മേധാവി ഗേ റൈഡര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."