വേനലില്‍ കരിഞ്ഞുണങ്ങി കാത്തുസൂക്ഷിച്ച കൃഷിത്തോട്ടം
തളിപ്പറമ്പ്: പന്നിയൂര്‍ പുതുക്കണ്ടത്തിലെ എ.പി അബ്ദുല്‍റഹ്മാന്റെ വാഴത്തോട്ടത്തിലെത്തിയാല്‍ കാണുന്നത് കരളലിയിക്കുന്ന കാഴ്ചയാണ്. കൃഷി ചെയ്ത എഴുന്നൂറോളം വാഴകളില്‍ അറുന്നൂറെണ്ണവും ഉണക്കം ബാധിച്ച് പഴുത്ത് നശിച്ചു. ആറുമാസം പ്രായമായ കുലച്ചതും കുലക്കാറായതുമായ ഏത്തവാഴകളാണ് ഇത്തരത്തില്‍ അതിരൂക്ഷമായ വേനലില്‍ ഉണങ്ങിയത്.
സമീപത്തുള്ള തോടിനടുത്തെ കുഴിയില്‍ നിന്നാണ് കൃഷിക്കാവശ്യമായ വെള്ളം ലഭിച്ചിരുന്നത്. കടുത്ത വേനലില്‍ തോട്ടിലെ വെള്ളം വറ്റിയതോടെയാണ് വാഴകള്‍ നശിച്ചുതുടങ്ങിയത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നു ഒരു ലക്ഷം രൂപ വായ്പയെടുത്താണ് അബ്ദുല്‍റഹ്മാന്‍ കൃഷി ആരംഭിച്ചത്.
അടുത്ത തവണ കൃഷി ചെയ്യാനായി വിത്തുകന്നു പോലും ലഭിക്കാത്ത അവസ്ഥയാണ്. വായ്പ തിരിച്ചടക്കാനും പാട്ടത്തുക നല്‍കാനും ഇനി എന്തു ചെയ്യുമെന്ന ആധിയിലാണ് അബ്ദുല്‍റഹ്മാന്‍. 25 വര്‍ഷത്തെ കാര്‍ഷിക ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു തിരിച്ചടിയെന്ന് അബ്ദുല്‍റഹ്മാന്‍ പറയുന്നു. നഷ്ടപരിഹാരത്തിനായി അധികൃതരെ സമീപിച്ചപ്പോള്‍ ഉണങ്ങിയ കൃഷിത്തോട്ടത്തിന്റെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം നല്‍കി കാത്തിരിരിക്കാനാണ് പറഞ്ഞതത്രെ. നിലവില്‍ നഷ്ടപരിഹാരത്തിനായി ഫണ്ട് ലഭ്യമല്ലെന്നും അറിയിച്ചുവത്രെ.
ആറു മാസത്തെ അധ്വാനം നഷ്ടമായാലും ബാങ്ക് വായ്പ തിരിച്ചടക്കാനുളള സഹായമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍റഹ്മാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."