നഷ്ടപരിഹാരം ചര്‍ച്ചചെയ്യാന്‍ ജി.എസ്.ടി കൗണ്‍സില്‍ അടുത്തമാസം ചേരും
ലേറ്റ് ഫീസ് പതിനായിരത്തില്‍നിന്ന് 500 രൂപയായി കുറച്ചു
തിരുവനന്തപുരം: ചരക്കു സേവന നികുതിയില്‍ സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജി.എസ്.ടി കൗണ്‍സില്‍ അടുത്തമാസം ചേരും. വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായതായി ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള നഷ്ടപരിഹാര സെസ് തുക തികയാത്ത സാഹചര്യമുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ ഇതിനാവശ്യമായ തുക കടമെടുക്കണമെന്ന് കേരളം നിര്‍ദേശിച്ചു. നഷ്ടപരിഹാര സെസ് പിരിക്കുന്നതിന് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അഞ്ചുവര്‍ഷമെന്ന കാലപരിധി ദീര്‍ഘിപ്പിച്ച് വായ്പ തിരിച്ചടവ് ഉറപ്പാക്കാമെന്നും കേരളം നിര്‍ദേശിച്ചു.
സംസ്ഥാനത്തിനുള്ള കുടിശിക 5250 കോടി രൂപയായി. നിലവിലെ സാഹചര്യത്തില്‍ നികുതി വളര്‍ച്ചയ്ക്ക് സാധ്യതയില്ല. സംസ്ഥാനത്തിന് നഷ്ടപരിഹാരം അനിവാര്യമാണ്. അതിനാല്‍തന്നെ വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ച വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ വിഷയംമാത്രം പരിഗണിക്കുന്നതിനായി ജൂലൈ പകുതിയ്ക്കുമുമ്പേ കൗണ്‍സില്‍ വീണ്ടും ചേരുന്നതിന് തീരുമാനിക്കുകയായിരുന്നു. അതിനുമുമ്പ് സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖാമൂലം അറിയിക്കണം.
നികുതി ബാധ്യത ഇല്ലാത്തവര്‍ക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവര്‍ക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതല്‍ ലഭിക്കും. സെപ്റ്റംബര്‍ 30 നകം കുടിശിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."