സോറീട്ടോ വയനാട്ടില്‍ രാഹുല്‍ വരില്ല: ഇനി ഉറപ്പിക്കാം, സിദ്ധീഖിനു തന്നെ വീണ്ടും നറുക്ക്
കോഴിക്കോട്: ആ കാത്തിരിപ്പ് വെറുതെയാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ പ്രചാരണം തന്നെ അവസാനിപ്പിച്ച വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതൃത്വത്തിനു പറയാനുള്ള മറുപടിയാണിത്.
എന്നാല്‍ അതെങ്ങനെ പറയുമെന്ന ആശങ്കയും അവരെ അലട്ടുന്നു.
വയനാട്ടില്‍ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യു.പി.എ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് അറിയുന്നത്.
എന്‍.സി.പി, ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ യു.പി.എ ഘടകകക്ഷികളുടെ സമ്മര്‍ദ്ദമാണ് കാരണം. എന്‍.സി.പി നേതാവ് ശരത് പവാര്‍ ഇന്നും എതിര്‍പ്പ് അറിയിച്ചു. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള രാഹുല്‍ ഇടത് പക്ഷത്തിനെതിരേ മത്സരിക്കരുത് എന്നാണ് ശരത് പവാറിന്റെ നിര്‍ദേശം.
നീക്കം ഉത്തരേന്ത്യയില്‍ ബി.ജെ.പിയെയാണ് സഹായിക്കുക. 98ല്‍ രണ്ട് മണ്ഡലങ്ങളില്‍ സോണിയ ഗാന്ധി മത്സരിച്ച സാഹചര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ല എന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വയനാട് സ്ഥാനാര്‍ഥി ആകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും വിശദീകരണവുമായി രംഗത്തെത്തി.
സി.പി.എമ്മിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണെന്നും തങ്ങളുടെ മുഖ്യ എതിരാളി ആരെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെയെന്നും സി.പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വയനാട്ടില്‍ പ്രചാരണത്തിന് പോകേണ്ടെന്ന് താന്‍ തീരുമാനിച്ചതല്ലെന്നും ആരെല്ലാം എവിടെയെല്ലാം പ്രചാരണം നടത്തണമെന്ന് തീരുമാനിച്ചത് സംസ്ഥാന കമ്മിറ്റിയാണെന്നും യെച്ചൂരി പറഞ്ഞു.
വയാനാട്ടില്‍ ആവേശത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ യു.ഡി.എഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നുമാണ് മുസ്്‌ലിംലീഗിന്റെ അഭിപ്രായം. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരേ ലീഗും രംഗത്തെത്തി.
രാഹുല്‍ ഗാന്ധിയല്ല സ്ഥാനാര്‍ഥിയെങ്കില്‍ എത്രയും പെട്ടെന്ന് അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതാവസ്ഥ ഏഴാം ദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് രാഹുല്‍ ഗാന്ധി എത്തുന്നത്. രാഹുല്‍ ഗാന്ധി പിന്‍മാറുമ്പോള്‍ വയനാട് ടി.സിദ്ദിഖ് ജനവിധി തേടിയേക്കും. ഉമ്മന്‍ചാണ്ടിയുടെ പേരും പരിഗണനയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."