നീന്തല്‍ കുളത്തില്‍ വ്യവസായിയുടെ മുങ്ങി മരണം: കെ.ടി.ഡി.സി 62 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: താമസക്കാരന്‍ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍(കെ.ടി.ഡി.സി) 62,50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി.
കെ.ടി.ഡി.സിയുടെ കീഴിലുള്ള കോവളത്തെ ഹോട്ടല്‍ സമുദ്രയില്‍ മുങ്ങിമരിച്ച സത്യേന്ദ്ര പ്രതാപ് സിങ്ങിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
അതിഥികളുടെ സുരക്ഷ ഹോട്ടലിന്റെ ഉത്തരവാദിത്തമാണെന്നും നീന്തല്‍കുളത്തില്‍ സുരക്ഷാ സൗകര്യങ്ങളുണ്ടായിരുന്നെങ്കില്‍ അപകടമുണ്ടാകില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
2016 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു 35കാരനായ വ്യവസായി സത്യേന്ദ്ര പ്രതാപ് സിങ്ങ്. നീന്തുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി മുങ്ങുകയായിരുന്നു. ഇതു കണ്ടുനിന്ന വിദേശിയാണ് നീന്തല്‍കുളത്തിലേക്ക് ചാടി പുറത്തെത്തിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീന്തല്‍കുളത്തിനു സമീപം ലൈഫ് ഗാര്‍ഡിന്റെ സേവനമുണ്ടായിരുന്നില്ല. കുടുംബം കെ.ടി.ഡി.സിയ്‌ക്കെതിരേ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
അതിനെതിരേ കെ.ടി.ഡി.സി നല്‍കിയ അപ്പീലാണ് സുപ്രിം കോടതി പരിഗണിച്ചത്. ലൈഫ് ഗാര്‍ഡ് ഉള്‍പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
നീന്തല്‍ക്കുളത്തിലെത്തുന്ന എല്ലാവരും നീന്തല്‍ അറിയുന്നവരായിരിക്കില്ല. അപകടമുണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ ചെയ്തിരുന്നില്ല. ഇത്തരം കുളത്തില്‍ മതിയായ എല്ലാ സൗകര്യങ്ങളും വേണ്ടതായിരുന്നു.
ലൈഫ് ഗാര്‍ഡായി ജോലി ഏല്‍പ്പിച്ചയാള്‍ ബാര്‍ ടെന്‍ഡറുടെ ജോലി കൂടി നോക്കിയിരുന്നതിനാല്‍ അകലെയായിരുന്നുവെന്ന കെ.ടി.ഡി.സി വാദം കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."