ഒന്നാം പ്രതി പ്രവീണിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരേ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ ഒന്നാം പ്രതിയും ആര്.എസ്.എസ് പ്രചാരകനുമായ പ്രവീണിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് ഹൈക്കോടതിയെ സമീപിച്ചു.
സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടിസ് അയച്ചു. 2019 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ശബരിമലയില്‍ പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവീണ്‍ ഒന്‍പത് കേസുകളില്‍ പ്രതിയാണ്. സമാന കേസുകളിലെ പല പ്രതികളെയും പിടികൂടാനുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതിലൂടെ കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനു കഴിയാതെ പോവുകയാണ്. പ്രവീണിന് ജാമ്യം അനുവദിച്ചതിലൂടെ കേസിലെ സാക്ഷികളെയും തെളിവുകളെയും സാരമായ നിലയില്‍ ബാധിക്കുമെന്നും അതുകൊണ്ട് ഇയാള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് കേസിലെ എതിര്‍കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റില്‍ നോട്ടിസ് പുറപ്പെടുവിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി ബോംബെറിയുന്നത് പൊലിസ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഇയാളെ അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തത്. ജസ്റ്റിസ് വി.രാജാവിജയരാഘവനാണ് ഹരജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."