HOME
DETAILS
MAL
സമസ്തയുടെ നിര്‍ദേശം പൂര്‍ണമായും പാലിച്ച് മഹല്ലുകള്‍
backup
June 13 2020 | 10:06 AM
കോഴിക്കോട്: കോവിഡ് 19 കാരണം വിശ്വാസികള്‍ക്ക് നിസ്‌കാരം വിലക്കപ്പെട്ട പള്ളികള്‍ മൂന്ന് മാസത്തിന് ശേഷം തുറന്നു. ഇരുസര്‍ക്കാറുകളുടേയും നിര്‍ദേശം വന്നതോടെ പള്ളികള്‍ തുറക്കാനും ശുചീകരിക്കാനും നിബന്ധനകളോടെ ജുമുഅജമാഅത്തുകള്‍ നടത്താനും സമസ്ത നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് പള്ളികള്‍ അണുവിമുക്തമാക്കി ആരാധനകള്‍ തുടങ്ങിയത്. നിബന്ധനകള്‍ പാലിക്കാന്‍ പ്രയാസമുള്ള നഗരങ്ങളിലൊഴികെ എല്ലാ സ്ഥലത്തും നിസ്‌കാരം നടത്താനായിരുന്നു സമസ്തയുടെ നിര്‍ദേശം.
എന്നാല്‍ ഇതിനു വിപരീതമായി ചില സ്ഥലങ്ങളില്‍ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമിതികളും കോഡിനേഷന്‍ കമ്മിറ്റികളും വിളിച്ചു ചേര്‍ത്തു ചില പ്രദേശങ്ങളിലും പഞ്ചായത്തുകളിലും നിശ്ചിത കാലത്തേക്ക് പള്ളികള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി. സര്‍ക്കാറുകളുടെ അനുമതിക്കും സമസ്തയുടെ നിര്‍ദേശത്തിനും വിരുദ്ധമായി ഇടപെട്ട ഈ സമിതികള്‍ ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ പള്ളികള്‍ തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പ്രാദേശിക തലങ്ങളില്‍ പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കമ്മിറ്റികള്‍ പള്ളിതുറക്കുന്നതുമായി ബന്ധപ്പെട്ട മത വിഷയങ്ങളില്‍ ഇടപെടരുതെന്നും പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടതെന്നും സമസ്ത വ്യക്തമാക്കിയതോടെ ഈ കമ്മറ്റികളുടെ തീരുമനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു.
സര്‍ക്കാറുകള്‍ അനുമതി നല്‍കിയ ശേഷം അതു നിര്‍ത്താലാക്കാന്‍ പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും അധികാരമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃയോഗം പള്ളി തുറക്കണമെന്ന് തീരുമാനിച്ചിരുന്നു.
എന്നാല്‍ തുറക്കാന്‍ അനുവദിച്ചിട്ടും മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗ തീരുമാനത്തിനു വിരുദ്ധമായി വിവിധ മുജാഹിദ് വിഭാഗങ്ങളും തങ്ങളുടെ കീഴിലുള്ള ഒരു പള്ളിയും തുറക്കേണ്ടെന്ന് പ്രഖ്യാപിച്ചത് വിമര്‍ശനം വളിച്ചു വരുത്തിയിട്ടുണ്ട്. പല ഗ്രാമപ്രദേശങ്ങളിലും വ്യവസ്ഥകളോടെ ജുമുഅ നടത്താമായിരുന്നു എന്നാണ് മുജാഹിദ് അണികളുടെ പലരുടേയും അഭിപ്രായം.സമസ്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ മലബാറിലെ നാമമാത്ര പള്ളികളിലൊഴികെ എല്ലാ സ്ഥലങ്ങളിലും ജുമുഅ നടന്നു.
നിര്‍ദേശങ്ങള്‍ പാലിക്കുക പ്രയാസമായി തോന്നിയിരുന്നെങ്കിലും വളരെ എളുപ്പത്തില്‍ എല്ലാവര്‍ക്കും ഇതു നടപ്പാക്കാന്‍ കഴിയുകയും ചെയ്തു. മദ്‌റസകളിലും മറ്റു പള്ളികളല്ലാത്ത സ്ഥലങ്ങളിലും നിസ്‌കാരം പാടില്ലെന്നു മലപ്പുറം കലക്ടര്‍ നിര്‍ദേശം നല്‍കിയത് ചില പ്രയാസം സൃഷ്ടിച്ചെങ്കിലും മഹല്ലുകളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം സഹായകമായി.
വടക്കന്‍ കേരളത്തില്‍ പൂര്‍ണമായി തന്നെ പള്ളികള്‍ തുറന്നു. വയനാട് ജില്ലയില്‍ പള്ളി തുറക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ സമസ്ത ജില്ലാ ഘടകത്തിന്റെ മേല്‍ നോട്ടത്തില്‍ നേരത്തെ തന്നെ തയാറാക്കിയിരുന്നു. തെക്കന്‍ കേരളത്തില്‍ സമസ്തയുടെ പള്ളികള്‍ക്കു പുറമേ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള ആയിരക്കണക്കിന് പള്ളികളും തുറന്നു പ്രവര്‍ത്തിച്ചു.
പ്രശംസ നേടി വിഖായ പ്രവര്‍ത്തകര്‍
കല്‍പ്പറ്റ: ജുമുഅ നിസ്‌കാരത്തിന് സൗകര്യം ചെയ്ത് ജാഗ്രത കൈവിടാതെ പ്രവര്‍ത്തിച്ചതിന് കൈയ്യടി നേടി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍. വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ മഹല്ലില്‍ മഹല്ല് ഭാരവാഹികള്‍ക്കൊപ്പം വിഖായ പ്രവര്‍ത്തകരാണ് ജുമുഅക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി വിശ്വാസികളെ പള്ളിയിലേക്ക് പ്രവേശിപ്പിച്ചത്. പള്ളിയിലേക്കെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ചും വിവരങ്ങള്‍ രേഖപ്പെടുത്തിയും അവര്‍ക്ക് വേണ്ട മറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയും പ്രവര്‍ത്തിക്കുന്നതിനിടെ വെള്ളമുണ്ട സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷും സംഘവും പള്ളിക്ക് സമീപമെത്തി. സംഘത്തിലെ മുഴുവന്‍ പേരുടെയും ശരീരോഷ്മാവ് പരിശോധിച്ച വിഖായ പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്കൊപ്പം പൊലിസിന്റെയും പ്രശംസക്ക് പാത്രമായി.
പള്ളിയുടെ കോമ്പൗണ്ടില്‍ കയറാന്‍ അനുവാദം ചോദിച്ച പൊലിസുകാരെ മറ്റുള്ളവരെ പരിശോധനകള്‍ക്ക് വിധേയമാക്കിയ അതേ രീതിയില്‍ തന്നെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചു. നിബന്ധനകള്‍ പാലിച്ചു തന്നെയാണോ ജുമുഅ നടക്കുന്നതെന്ന് പരിശോധിക്കാന്‍ വന്ന പൊലിസ് സംതൃപ്തി രേഖപ്പെടുത്തിയാണ് പിരിഞ്ഞുപോയത്. മഹല്ലില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഏറെ അഭിനന്ദമര്‍ഹിക്കുന്നതായിരുന്നുവെന്നും ഇത്തരത്തില്‍ മുഴുവന്‍ മഹല്ലുകളിലും പ്രവര്‍ത്തനങ്ങളുണ്ടായാല്‍ കൊവിഡിനെ നമുക്ക് തുരത്താനാവുമെന്നും സ്‌റ്റേഷന്‍ ഓഫിസര്‍ എം.എ സന്തോഷ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."