വിമാനങ്ങളില്‍ ലാപ്‌ടോപ്പ് നിരോധനം: യാത്രക്കാര്‍ അടിവസ്ത്രമണിഞ്ഞ് ഇരിക്കേണ്ട സ്ഥിതി വരും; ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ
ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങളില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ ആഞ്ഞടിച്ച് ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കിര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് നേരിടുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അതിന് പകരം വിമാനത്തില്‍ ലാപ്‌ടോപ്പ് നിരോധിക്കുന്നത് ഉചിതമല്ലെന്നും സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ ബാക്കിര്‍ പറഞ്ഞു. ഈ രീതിയിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതെങ്കില്‍ അവസാനം യാത്രക്കാര്‍ വിമാനത്തില്‍ അടിവസ്ത്രമണിഞ്ഞ് ഇരിക്കേണ്ട സ്ഥിതി വരുമെന്ന് അദ്ദേഹം കളിയാക്കി.
ലാപ്‌ടോപ്പ് നിരോധനം ഗള്‍ഫ് വിമാനക്കമ്പനികളെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നിരോധനം മൂലം ഓരോ വിമാനത്തിലും പത്തില്‍ താഴെ യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടാവാമെന്ന് അല്‍ബാക്കിര്‍ വ്യക്തമാക്കി. ഖത്തര്‍ എയര്‍വെയ്‌സ് ദിവസവും അമേരിക്കയിലെ 10 നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.
എടുത്തു ചാടിയുള്ള ഒരു നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അല്‍ബാക്കിര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ട്രംപിനെ നേരിട്ട് കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ട്രംപിന് തെറ്റായ ഉപദേശം കിട്ടിയതാവാം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് അല്‍ബാക്കിര്‍ പറഞ്ഞു.
മാര്‍ച്ച് അവസാനത്തിലാണ് ദോഹ, അബൂദബി, ദുബയ് ഉള്‍പ്പെടെയുള്ള 10 മിഡില്‍ ഈസ്റ്റ് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ കാബിനകത്ത് സെല്‍ഫോണിനേക്കാള്‍ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു പോവുന്നത് നിരോധിച്ചത്. പകരം ലാപ്‌ടോപ്പ്, ഐപാഡ്, ഈ-റീഡര്‍ മുതലായവ തങ്ങളുടെ ലഗേജുകളില്‍ കൊണ്ടു പോവാം. എമിറേറ്റ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളെ നിരോധനം ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി ബിസിനസ് ക്ലാസുകളില്‍ താല്‍ക്കാലിക ഉപയോഗത്തിന് ആവശ്യക്കാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതിക്ക് ഖത്തര്‍ എയര്‍വെയ്‌സ് തുടക്കം കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."