എസ്.എന്‍.ഡി.പി പിന്തുണയുണ്ടെന്ന് തുഷാര്‍
കൊല്ലം: അനുഗ്രഹം തേടി മകനെത്തിയതോടെ മലക്കംമറിഞ്ഞ് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളി യോഗം ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് നേരത്തെപറഞ്ഞത് മയപ്പെടുത്തിയ വെള്ളാപ്പള്ളി, അതു തന്റെ അഭിപ്രായം മാത്രമാണെന്നും തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും രാജിക്കാര്യം അടുത്ത കൗണ്‍സില്‍ തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കടുംപിടിത്തം പിടിച്ച വെള്ളാപ്പള്ളി അനുഗ്രഹം തേടി മകനെത്തിയപ്പോള്‍ തീര്‍ത്തും അയഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗം കൗണ്‍സിലിലും ഡയരക്ടര്‍ ബോര്‍ഡിലും തുഷാറിന്റെ രാജി വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നില്ല. വെള്ളാപ്പള്ളിയുടെ മൗനാനുവാദത്തോടെയാണ് തുഷാര്‍ കളത്തിലിറങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി.
എസ്.എന്‍.ഡി.പിയോഗം വൈസ് പ്രസിഡന്റും തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ തുഷാര്‍ ഇന്നലെയാണ് വെള്ളാപ്പള്ളിയുടെ കൊല്ലത്തെ ക്യാമ്പ് ഓഫീസിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയത്. രാവിലെ പത്തോടെ എത്തിയ തുഷാറിനെ വെള്ളാപ്പള്ളി 'വിജയി ഭവഃ' എന്നതിനു പകരം 'ആയുഷ്മാന്‍ ഭവഃ' എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. എന്നാല്‍ മാതാവ് പ്രീതി നടേശനാകട്ടെ, തുഷാറിനായി തൃശൂരില്‍ പ്രചാരണത്തിനിറങ്ങുമെന്നും വ്യക്തമാക്കി.
തനിക്ക് എസ്.എന്‍.ഡി.പി യോഗത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് തുഷാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹിത്വം രാജിവയ്ക്കണോ എന്ന കാര്യം ജനറല്‍ സെക്രട്ടറി തന്നെ പറയും. തൃശൂരില്‍ വിജയിക്കും.
മത്സരിക്കാന്‍ ബി.ഡി.ജെ.എസില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നു. അതിനാലാണ് കളത്തിലിറങ്ങുന്നത്. ഇനി വേറെ ഒരു മണ്ഡലത്തിലേക്കുമില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനിറങ്ങിയാലും വേറെ എവിടേക്കുമില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."