വിധിയെഴുതാന്‍ ദിനങ്ങള്‍ 25 രാഹുലില്‍ തട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയം
#അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഇന്നേക്ക് 25ാം നാള്‍ കേരളം വിധിയെഴുതാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടിലേയ്ക്ക് ചുരം കയറി എത്തുമോ എന്നാണ് കഴിഞ്ഞ ആറു ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്നത്. ഈ ദിനങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആവേശത്തോടെ രാഹുലിന്റെ വരവ് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ നിന്ന് അനുകൂല മറുപടിയുണ്ടായില്ല. ഇതിനിടയില്‍ ഒരു പടി കയറി ഇടതുമുന്നണി പ്രചാരണത്തില്‍ മുന്നോട്ടു പോകുകയാണ്.
വയനാട്ടില്‍ ടി.സിദ്ധീഖ് നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് രാഹുല്‍ വയനാട് വരുന്നു എന്ന് ഉമ്മന്‍ചാണ്ടി സൂചന നല്‍കിയത്. ഒരു പടികൂടി കടന്ന് സ്ഥാനാര്‍ഥിത്വം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്നും ഉടന്‍ തന്നെ തീരുമാനിക്കുമെന്നും പറഞ്ഞുകളഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതു സ്ഥിരീകരിക്കുന്ന മട്ടില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും എത്തി. മുക്കത്ത് കണ്‍വെന്‍ഷന് പോകാനിരുന്ന സിദ്ധീഖ് ആകട്ടെ വാര്‍ത്താസമ്മേളനം വിളിച്ച് പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതോടെ രാഹുലിന്റെ വരവ് ഉള്‍ക്കെള്ളാന്‍ രാഷ്ട്രീയ കേരളം സജ്ജമായി. അണികള്‍ ആവേശത്തിലുമായി.
ഒന്നിനു പിന്നാലെ ഒന്നായി പ്രതികരണങ്ങളെത്തി. വയനാട്ടില്‍ രാഹുലെത്തിയാല്‍ കേരളത്തിലെ ഇരുപതു സീറ്റും നേടുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടി. ഒപ്പം കര്‍ണാടകയിലും തമിഴ്‌നാട്ടിലും അടക്കം നേടാവുന്ന അധിക സീറ്റുകളും. ദക്ഷിണേന്ത്യയില്‍ നിന്ന് ഇത്തവണ രാഹുല്‍ തരംഗം ആഞ്ഞടിക്കുമെന്ന് വിശ്വസിച്ച അണികളുടെ ആവേശത്തിന് നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പക്ഷെ ഡല്‍ഹിയില്‍ നിന്ന് മറുപടി ഉണ്ടായില്ല. ആവേശം അനിശ്ചിതത്വത്തിന് വഴിമാറിയതും ആത്മവിശ്വാസം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമായി ചുരുങ്ങിയതുമൊക്കെ വളരെ പെട്ടെന്നാണ്.
രാഹുല്‍ വന്നാല്‍ കേരളത്തില്‍ അടിവേരിളകുമെന്ന ആശങ്കയിലായ സി.പി.എമ്മിന്റെ സമ്മര്‍ദ ഫലമായാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവില്‍ ഉടന്‍ തീരുമാനമുണ്ടാവാതെ വന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ യു.ഡി.എഫ് ക്യാമ്പിനാകില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഓരോ നിമിഷവും വിലപ്പെട്ടെതാണെന്നിരിക്കെയാണ് വയനാട്ടില്‍ പ്രചാരണത്തില്‍ യു.ഡി.എഫിന് ഏതാനും ദിവസങ്ങള്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."