വിളപ്പില്‍ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു രാജി സി.പി.ഐ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്
കാട്ടാക്കട: രണ്ടര വര്‍ഷത്തിനു ശേഷം ഭരണ കൈമാറ്റമെന്ന മുന്നണി ധാരണ പ്രകാരം വിളപ്പില്‍ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. പ്രസിഡന്റ് സി.പി.എമ്മിലെ എല്‍. വിജയരാജ്, വൈസ് പ്രസിഡന്റ് സി.പി.ഐയിലെ ബി. ശോഭന എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ രാജി സമര്‍പ്പിച്ചത്.
സെക്രട്ടറി ഇരു രാജികളും ഇലക്ഷന് കമ്മിഷന് കൈമാറും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്ക് ശേഷം കമ്മീഷന് നിശ്ചയിക്കുന്ന ദിവസം പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കും. ഇരുപതംഗങ്ങളുള്ള വിളപ്പില്‍ പഞ്ചായത്തില്‍ പത്ത് അംഗങ്ങളാണ് ഇടതുപക്ഷത്തിന് ആകെയുള്ളത്. ബി.ജെ.പി 7, കോണ്‍ഗ്രസ് 3 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷികളുടെ സീറ്റുനില. ഭൂരിപക്ഷമില്ലാത്തതിനാല്‍ തല്ക്കാലം രാജിവച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉചിതമല്ലെന്ന സി.പി.എം നിലപാട് വിവാദമായിരുന്നു.
ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടുമെന്ന വാദവുമായി സി.പി.എം രാജി വൈകിക്കാന്‍ ശ്രമിച്ചെങ്കിലും സി.പി.ഐ വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു മുന്‍ധാരണ പ്രകാരം ഇന്നത്തെ രാജി. സി.പി.ഐയിലെ കാവിന്‍പുറം വാര്‍ഡംഗം അനില്‍ കുമാര്‍ പ്രസിഡന്റ് സ്ഥാനത്തേക്കും, സി.പി.എമ്മിലെ ഏക വനിതാ മെംബര്‍ ശൈലജ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് സൂചന. എന്നാല്‍ ക്ഷേമ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അധ്യക്ഷ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇവര്‍ തല്‍സ്ഥാനങ്ങള്‍ രാജിവച്ചാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാനെത്തുന്നത്.
ഈ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലും ഇടതുമുന്നണിക്കും ബി.ജെ.പിക്കും തുല്യ അംഗബലമാണുള്ളത്. അധ്യക്ഷ സ്ഥാനങ്ങളിലേക്ക് വീണ്ടും മത്സരമുണ്ടാകുമ്പോള്‍ കമ്മിറ്റികള്‍ കൈവിട്ടു പോകുമോ എന്ന് ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. വികസനകാര്യ സമിതി അധ്യക്ഷ സ്ഥാനം ബി.ജെ.പി അവിശ്വാസത്തിലൂടെ നേരത്തേ നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."