വിസ്മയിപ്പിക്കുന്ന കാറുകളുമായി ഖത്തര്‍ മോട്ടോര്‍ ഷോ
ദോഹ: ഏറ്റവും പുതിയ ആഡംബര കാറുകള്‍ക്കൊപ്പം ക്ലാസിക്ക് കാറുകളും ഒരുക്കി കഴിഞ്ഞ ദിവസം തുടക്കമിട്ട ഖത്തര്‍ മോട്ടോര്‍ ഷോയിലേക്ക് വാഹന പ്രേമികളുടെ ഒഴുക്ക്.
ദോഹ എക്ബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ 27 ബ്രാന്‍ഡുകളില്‍പ്പെട്ട 110 കാറുകളാണ് പ്രദര്‍ശനത്തിനുള്ളത്. ശനിയാഴ്ച വരെ നടക്കുന്ന പ്രദര്‍ശനം ഖത്തറില്‍നിന്നും സമീപ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പ്രദര്‍ശിപ്പിച്ച വാഹനങ്ങളില്‍ എട്ട് എണ്ണം ആദ്യമായി പുറത്തിറക്കിയതാണ്. 14 എണ്ണം മേഖലയില്‍ ആദ്യമാണ്. പ്രമുഖ അന്താരാഷ്ട്ര കാര്‍ നിര്‍മാതാക്കള്‍ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ്, ആഡംബര വാഹനങ്ങളുമായാണ് പ്രദര്‍ശനത്തില്‍ എത്തിയിരിക്കുന്നത്.
ഷോയില്‍ ബിഎഐസി ബ്രാന്‍ഡ് ആദ്യമായി ഖത്തറില്‍ ലോഞ്ച് ചെയ്തു. മെര്‍സിഡസിന്റെ ഇകൂപ്പ്, ഇ43, എസ്എല്‍സി 43, ലക്്‌സസിന്റെ ലക്‌സസ് എല്‍സി 500, ഷെവര്‍ലെയുടെ താഹോ മിഡ്‌നൈറ്റ് എഡിഷന്‍, ട്രെയില്‍ബ്ലേസര്‍ ഇസഡ്71, കമാറോ ഇസഡ്എല്‍1, മാലിബു ടര്‍ബോ, സില്‍വറാഡോ മിഡ്‌നൈറ്റ് എഡിഷന്‍ എന്നിവയും പുറത്തിറക്കി. ഫോര്‍ഡിന്റെ ഫിസോ റാപ്റ്റര്‍, ലിങ്കന്റെ ലിങ്കന്‍ കോണ്ടിനെന്റല്‍, റാംസിന്റെ 1200, 1500 ലിമിറ്റഡ് എഡിഷനുകള്‍, ഹയുണ്ടായിയുടെ ഐഒഎന്‍ഐക്യു ഹൈബ്രിഡ്, ജനസിസിന്റെ ജനസിസ് ജി90, ജനസിസ് ജി80 എന്നിവയാണ് മോട്ടോര്‍ ഷോയില്‍ പുറത്തിറക്കിയ മറ്റു പ്രധാന ബ്രാന്‍ഡുകള്‍.
5000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 20 ക്ലാസിക്ക് കാറുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ശെയ്ഖ് ഫൈസല്‍ മ്യൂസിയം, മവാത്തര്‍, അല്‍ഫര്‍ദാന്‍ എന്നിവയുടെ ശേഖരത്തിലുള്ള അപൂര്‍വ്വവും അമൂല്യവുമായ കാറുകളാണിവ. ഡിഇസിസി വിഐപി പാര്‍ക്കിങില്‍ നിന്ന് ദിവസവും വൈകീട്ട് 3ന് മവാത്തിര്‍ വ്യത്യസ്ത കാറുകളുടെ പരേഡും സംഘടിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വേഗമേറിയ കാറുമായി ഫെറാരി
ദോഹ: തങ്ങളുടെ ഏറ്റവും വേഗമേറിയ ബ്രാന്‍ഡായ 812 സൂപ്പര്‍ ഫാസ്റ്റുമായാണ് ഫെറാരി ഖത്തര്‍ മോട്ടോര്‍ ഷോയില്‍ എത്തിയിരിക്കുന്നത്.
ഖത്തറിലെ ഫെറാരിയുടെ അംഗീകൃത ഡീലറായി അല്‍ഫര്‍ദാന്‍ സ്‌പോര്‍ട്‌സ് മോട്ടോഴ്‌സിന്റെ പവലിയനിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
6.5 ലിറ്റര്‍ വി12 എന്‍ജിനുള്ള 812 സൂപ്പര്‍ ഫാസ്റ്റ് ഫെറാരി ഇതുവരെ ഇറക്കിയതില്‍ ഏറ്റവും വേഗമേറിയതാണ്. 2.9 സെക്കന്റ് കൊണ്ട് മണിക്കൂറില്‍ 340 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് ഇതിന്റെ എന്‍ജിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."