HOME
DETAILS
MAL
തൊഴിലാളികളെ കിട്ടാന്‍ പാടുപെട്ട് സ്ഥാപനങ്ങള്‍
backup
June 14 2020 | 03:06 AM
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ നിര്‍മാണ മേഖലയിലടക്കം കടുത്ത തൊഴിലാളിക്ഷാമം. ഒന്നേകാല്‍ ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ നിന്ന് സ്വന്തം നാട്ടുകളിലേക്ക് മടങ്ങിയത്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ , രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ആദ്യഘട്ടത്തില്‍ മടങ്ങിയത്. കഴിഞ്ഞ ആഴ്ചയോടെ പശ്ചിമബംഗാള്‍ സ്വദേശികളും നാട്ടിലേക്ക് മടങ്ങി. സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ കൂടുതല്‍ ബംഗാളികളാണ്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വിവിധ തൊഴില്‍ സ്ഥാപനങ്ങള്‍ തുറന്നു കഴിഞ്ഞു. എന്നാല്‍ തൊഴിലാളികളില്ലാത്തത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. നിര്‍മാണമേഖലയിലാണ് ഇത് ഏറ്റവും പ്രകടം. വന്‍കിട നിര്‍മാണ കംപനികള്‍ തൊഴിലാളികളെ കിട്ടാതായതോടെ നാട്ടുകാര്‍ക്ക് മുന്നില്‍ തൊഴിലവസരം തുറന്നിട്ടിരിക്കുകയാണ്.
കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെയും നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെയുമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
ദിവസ വേതനത്തിന് ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും തൊഴില്‍ കുറഞ്ഞതോടെ പ്രയാസത്തിലാണ്. ഇവര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയതോടെ ഉണ്ടായ തൊഴില്‍ സാധ്യത തെളിയുകയാണ്.
വലിയ ശാരീരിക അധ്വാനം ആവശ്യമായ ജോലികളില്‍ നിന്ന് മലയാളികള്‍ മാറി നിന്നു തുടങ്ങിയതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികള്‍ ഇവിടേക്ക് എത്താന്‍ തുടങ്ങിയത്. പതിയെ മറ്റ് തൊഴില്‍ മേഖലകളിലും അവര്‍ സാന്നിധ്യം ഉറപ്പിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയതോടെ ഈ തൊഴില്‍ മേഖലകളില്‍ വലിയ തോതില്‍ ആളുകളുടെ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഹോട്ടല്‍ ഉള്‍പ്പടെ പഴയ പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ആ മേഖലകളിലും ജോലിക്കാരുടെ കുറവുണ്ടാകും.
ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ ഉടനീളമുള്ള അവരുടെ പ്രവൃത്തി സ്ഥലങ്ങളിലേക്ക് പ്രവൃത്തി പരിചയമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ നിരവധി ആളുകളാണ് സ്ഥാപനവുമായി ബന്ധപ്പെട്ടത്. വാര്‍ക്കപ്പണിയുടെ പലകയടിക്കല്‍, കമ്പിപ്പണി, എന്നിവയ്‌ക്കെല്ലാമാണ് പരിചയ സമ്പന്നരായ ആളുകളെ കംപനി ക്ഷണിച്ചത്.
ഉടന്‍ തന്നെ ആയിരത്തിലധികം പേരെ ഊരാളുങ്കലിന് മാത്രം ആവശ്യമുണ്ട്. ഇതര സംസ്ഥാനക്കാരായ 4500 ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്.
2500 ഓളം തൊഴിലാളികള്‍ ഇവിടെ നിന്നും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു.ഈ അവസരങ്ങളാണ് സ്ഥാപനം നാട്ടുകാര്‍ക്ക് മുന്‍പില്‍ തുറന്നിട്ടിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് തൊഴിലാളികളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ഇപ്പോള്‍ ഉണ്ടായ തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ക്ക് വലിയൊരു പരിഹാരമാകും. ശാരീരിക അധ്വാനം വേണ്ടി വരുന്ന തൊഴിലുകളും ഹോട്ടല്‍ മേഖല ഉള്‍പ്പെടെയുള്ള ജോലികളും സ്വീകരിക്കാനുള്ള മനസുണ്ടാവുക എന്നതാണ് ഇതിന് പ്രധാനമായി വേണ്ടത്. മെയ് 31 വരെ ഒരു ലക്ഷം തൊഴിലാളികളാണ് മടങ്ങിയത്. ഇതിന് ശേഷം 25,000ത്തോളം മടങ്ങി.
മെയ് ഒന്നിന് ആലുവയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്.
കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത്. വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നാണ് ഏറ്റവും കുറവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."