പലിശരഹിത വായ്പാ പദ്ധതിയില്‍ നിന്ന് ഗുണഭോക്താക്കള്‍ പുറത്ത്
തിരുവമ്പാടി: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പലിശരഹിത വായ്പാ പദ്ധതിയായ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം(ആര്‍.കെ.എല്‍.എസ്) പദ്ധതി തിരുവമ്പാടിയില്‍ അവതാളത്തിലായതായി ആക്ഷേപം. 2018 സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു അപേക്ഷിക്കേണ്ട സമയം. എന്നാല്‍ അതിന് ശേഷം ഇതിനുള്ള പരിധി 2019 മാര്‍ച്ച് 31 വരെ സമയം നീട്ടി. ആ കാര്യം ആരെയും അറിയിക്കാതിരുന്നതാണ് ഗുണഭോക്താക്കളാകേണ്ടിയിരുന്നവരെ പദ്ധതിയില്‍ നിന്നും അകറ്റുന്നത്. സ്വീകരിക്കുന്ന തിയതി നീട്ടിയ വിവരം പദ്ധതിയുമായി ബന്ധപ്പെട്ട സഹകരണ ബാങ്ക് സെക്രട്ടറി അറിഞ്ഞില്ലെന്നാണ് പറയുന്നത്.
പ്രകൃതി ക്ഷോഭത്തിന്റെ ദുരന്തഫലങ്ങളേറ്റു വാങ്ങിയ വ്യക്തികള്‍ക്ക് സമയ ബന്ധിതമായും വേഗത്തിലും വായ്പ ലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പ്രളയക്കെടുതിയെ തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് തിരിച്ചടവ് ഉറപ്പാക്കിക്കൊണ്ട് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനും ആവശ്യകത കണക്കാക്കി കുടുംബനാഥന് ഒരു ലക്ഷം രൂപ വരെ പദ്ധതിയിലൂടെ പലിശരഹിത വായ്പ ലഭിക്കുമായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റ പ്രാവശ്യത്തെ ആശ്വാസ ധനസഹായമായ പതിനായിരം രൂപയ്ക്ക് അര്‍ഹരായ പ്രകൃതിക്ഷോഭ ബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങളാണ് ആര്‍.കെ.എല്‍.എസ് പദ്ധതിയില്‍ ഉള്‍പ്പെടുക.
ടി.വി, ഫ്രിഡ്ജ്, മിക്‌സി, ഗ്യാസ് സ്റ്റൗ, ഫര്‍ണിച്ചര്‍, മെത്ത, കുക്കര്‍ തടുങ്ങിയ വീട്ടുപുകരണങ്ങള്‍ക്കും ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് പോലും ഈ സംഖ്യ ഉപയോഗിക്കാമായിരുന്നു.കുടുംബശ്രീ വഴിയായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്. 36 മാസം മുതല്‍ 40 മാസം വരെയായിരുന്നു തിരിച്ചടവ് കാലാവധി. വായ്പയുടെ പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വഹിക്കുമെന്നും പറഞ്ഞിരുന്നു. തിരുവമ്പാടിയില്‍ അന്‍പതോളം അര്‍ഹരുടെ അപേക്ഷകളാണ് സമയം കഴിഞ്ഞെന്ന കാരണത്താല്‍ തള്ളിയത്. മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് ചൂണ്ടി കാണിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെ ഒരു സര്‍ക്കുലറോ നിര്‍ദേശമോ ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞതായും പരാതിയുണ്ട്. ഫെബ്രുവരിയിലാണ് അപേക്ഷകള്‍ വന്നതെന്നും സമയം കഴിഞ്ഞതിന് ശേഷമായതിനാല്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ബാങ്ക് സെക്രട്ടറി പറയുന്നത്. സര്‍ക്കുലര്‍ ഉണ്ടെന്ന് പറഞ്ഞവര്‍ക്ക് അത് കണിക്കാന്‍ കഴിഞ്ഞില്ലെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ മറ്റു ബാങ്കുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സെക്രട്ടറിക്ക് ഉത്തരമില്ല.
പദ്ധതിയുടെ എല്ലാ വിവരങ്ങളും അപ്പപ്പോള്‍ എല്ലാ ഹെഡ് ഓഫിസുകളിലേക്കും നല്‍കിയിട്ടുണ്ടെന്നും മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കാമെന്ന് ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടിയില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും കോഴിക്കോട് മിഷന്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."