കട്ടച്ചിറ കുറ്റിയാലില്‍ ജനങ്ങള്‍ക്ക് ദുരിതം തീര്‍ത്ത് വെള്ളക്കെട്ട്
തിരൂര്‍: തലക്കാട് പഞ്ചായത്തിലെ കട്ടച്ചിറ കുറ്റിയാല്‍ പ്രദേശത്ത് പന്ത്രണ്ടോളം കുടുംബങ്ങള്‍ക്ക് ദുരിതം തീര്‍ത്ത് വെള്ളക്കെട്ട്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം പുത്തുത്തോട്ടില്‍ സൈനബ, തക്കിയേക്കല്‍ മുഹമ്മദ് കുട്ടി, കുടുക്കേങ്ങില്‍ കുഞ്ഞീന്‍, ചെറുശാലയില്‍ ഫാത്തിമ, പഴേരി ഇല്ല്യാസ്, കുറ്റിപ്പിലാക്കല്‍ ഹുസൈന്‍ തുടങ്ങിയവരുടെ കുടുംബമാണ് ദുരിതം അനുഭവിക്കുന്നത്. വീടുകള്‍ക്ക് ചുറ്റും വെള്ളം നിറഞ്ഞൊഴുകുന്ന അവസ്ഥയാണ്.
ചെറ്റക്കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ ഫാത്തിമയുടെ ആള്‍മറയില്ലാത്ത കിണറില്‍ വെള്ളം മൂടികിടക്കുന്നത് അപകടഭീഷണിയുമാണ്. മുഹമ്മദ് കുട്ടിയുടെ വൃദ്ധമാതാവിന് വീടിനു പുറത്തുള്ള ശുചിമുറിയില്‍ പോകാന്‍ കഴിയുമുന്നില്ല. പ്രദേശത്തെ മിക്ക വീടുകളിലും വീടിനകത്ത് ശുചിമുറി സൗകര്യമില്ല. ഇതിനു പുറമേ ചെറിയ കുട്ടികളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും അവസ്ഥയും പരിതാപകരമാണ്.
കുടിവെള്ളമെടുക്കാന്‍ പോലുമാകാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പ്രദേശം സന്ദര്‍ശിച്ച പഞ്ചായത്തംഗം ഹസീന, മുസ്‌ലിം ലീഗ് ഭാരവാഹികളായ വി അബ്ദുല്‍ഗഫൂര്‍, സി.കെ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."