പയ്യോളി അപകടം പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി
പയ്യോളി/കണ്ണൂര്‍: പയ്യോളിക്കടുത്ത ഇരിങ്ങലില്‍ വാഹനാപകടത്തില്‍ മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. തൊടുപുഴ ഹോസ്റ്റലില്‍ നിന്നു പുസ്തകവുമായി കണ്ണൂരിലേക്ക് വരികയായിരുന്ന കാര്‍ യാത്രക്കാരായ താണ കണ്ണൂക്കര റോഡില്‍ സുബൈദാസ് വീട്ടില്‍ സി.പി അബുവിന്റെ മകന്‍ വെസ്റ്റ്‌വേ അപാര്‍ട്ട്‌മെന്റിലെ ആഷിക്ക് (46), മകളും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ആയിഷ ലിയ (19)എന്നിവരാണ് പയ്യോളി ഇരിങ്ങല്‍ മങ്ങൂല്‍പ്പാറക്ക് സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും കണ്ണൂരില്‍ നിന്നു കൊച്ചിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മകന്‍ മുഹമ്മദ് ലാസിം (11), ബന്ധു ഷുഹൈബ (49) എന്നിവരെ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ അല്‍ അസര്‍ കോളജിലെ ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ആയിഷ ലിയ. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയ ആയിഷ ലിയയുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമടക്കമുള്ള സാധനങ്ങള്‍ എടുക്കാനാണ് ബന്ധുക്കളോടൊപ്പം ഇവര്‍ തൊടുപുഴയിലേക്ക് പോയത്. ഓണ്‍ലൈനില്‍ പഠനം തുടങ്ങിയതും പരീക്ഷയ്ക്കുള്ള തയാറെടുപ്പിനുമാണ് പുസ്തകങ്ങള്‍ എടുക്കാന്‍ പോയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് 3.30ന് നാട്ടിലെത്തിച്ചു ഖബറടക്കി. പരേതയായ ബി. സുനീറയാണ് ആഷിക്കിന്റെ ഭാര്യ.
അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ടാങ്കറില്‍ ഗ്യാസ് ഇല്ലെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് പ്രദേശത്തെ ഭീതി അകന്നത്. അപകടത്തിനു തൊട്ടുമുന്‍പ് റോഡരുകില്‍ നിര്‍ത്തിയിട്ട സമീപത്തെ പീടിക വളപ്പില്‍ ഹേമന്തിന്റെ ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് തകര്‍ന്ന നിലയിലാണ്. പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നു വീടിന് സമീപത്ത് നിര്‍ത്തിയിട്ട ശേഷം പമ്പിലേക്ക് പോയതിനാലാണ് ഹേമന്തും രണ്ടും കൂട്ടുകാരും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."