അഞ്ചുവര്‍ഷത്തെ കറുത്തദിനങ്ങള്‍ക്ക് അന്ത്യം കുറിക്കണം: ഉമ്മന്‍ ചാണ്ടി
തൃക്കരിപ്പൂര്‍: വര്‍ഗീയതയുടെയും ജാതീയതയുടെയും ദാരിദ്ര്യത്തിന്റെയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കറുത്തദിനങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുളള അവസരമാണ് രാജ്യത്തെ ഓരോ പൗരനും കൈവന്നിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പല പൈതൃക ചരിത്രങ്ങളും നഷ്ടപ്പെടുത്തി കറുത്തദിനങ്ങളാക്കി മാറ്റി. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കമെന്ന് ബി.ജെ.പിക്കാരനായ എം.പിയാണ് പറഞ്ഞത്. ആ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വളരെ പ്രാധാന്യമുണ്ട്. രാജ്യത്തെ ജനാധിപത്യ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം. 2014ല്‍ തിരഞ്ഞെടുപ്പ് നേരിടുന്ന അവസരത്തില്‍ മോദി പറഞ്ഞ ഏതെങ്കിലും കാര്യങ്ങള്‍ നടപ്പാക്കിയിട്ടില്ല. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ പോലും വിശ്വസിക്കാത്ത മോദി ഒരു ഏകാധിപതിയെ പോലെയാണ് രാജ്യം ഭരിച്ചത്. അതിനുസമാനമാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഭരണവും. രാഷ്ട്രീയ പ്രവര്‍ത്തനം നാടിന്റെ പൊതു നന്മക്കാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ കേരളത്തിലെ സി.പി.എം എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. അതിനും മറുപടി നല്‍കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചെയര്‍മാന്‍ വി.കെ.പി ഹമീദലി അധ്യക്ഷനായി. ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, എ.പി അബ്ദുല്ലക്കുട്ടി, കെ.പി കുഞ്ഞിക്കണ്ണന്‍, കെ.വി ഗംഗാധരന്‍, കെ.എം ശംസുദ്ദീന്‍ ഹാജി, പി.കെ രഘുനാഥ്, കരീം ചന്തേര, കരിമ്പില്‍ കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."