ആരോഗ്യ കേരളം പുരസ്‌കാര നിറവില്‍ നരിക്കുനി പഞ്ചായത്ത്
കോഴിക്കോട്: ആരോഗ്യരംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള ആരോഗ്യ കേരളം പുരസ്‌കാരത്തിനായി ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നരിക്കുനി പഞ്ചായത്തിനെ കാത്തിരിക്കുന്നത് അര്‍ഹതയ്ക്കുള്ള അംഗീകാരം. അഴുകിയ പച്ചക്കറികളില്‍ നിന്നു നറുവെളിച്ചം വിതറുന്ന ബള്‍ബുകള്‍ വെളിച്ചം വീശുന്ന തെരുവ്, അതിനരികെ വൃക്ഷനിബിഡമായ കാവ്, വൃത്തിയുള്ള തെരുവീഥികള്‍... നരിക്കുനി പഞ്ചായത്തിന്റെ മുഖം മാറ്റിയെടുത്ത പദ്ധതികളില്‍ ചിലതാണിത്.
അടുത്തകാലം വരെ ഗ്രാമത്തിലെ കൃഷിക്കാരുടെയും ചെറുകിട തൊഴിലാളികളുടെയും ഉല്‍പന്നങ്ങള്‍ നേരിട്ടു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്രതിവാര ഗ്രാമീണ ചന്ത പ്രദേശത്തിന്റെ ഗ്രാമീണതയ്ക്ക് അഴക് പകര്‍ന്നിരുന്നു. ഇന്ന് മൂന്നു കിലോമീറ്ററോളം ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ആസ്ഥാനം ചെറുപട്ടണം തന്നെയാണ്. ഇവിടെനിന്ന് അധികം അകലെയല്ലാതെ ഇരുപതോളം ക്യാംപുകളിലും വാടകവീടുകളിലുമായി ആയിരത്തോളം അതിഥി തൊഴിലാളികളും ഇപ്പോള്‍ നാടിന്റെ ഭാഗമായിരിക്കുകയാണ്.
പത്തുവര്‍ഷം മുന്‍പ് തന്നെ മാലിന്യസംസ്‌കരണത്തിനുള്ള പദ്ധതികളെക്കുറിച്ചു പഞ്ചായത്ത് അധികൃതര്‍ ചിന്തിച്ചുതുടങ്ങിയിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോടെക് എന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് 2010ലാണു യാഥാര്‍ഥ്യമായത്. ഈ പ്ലാന്റിലൂടെ ജൈവമാലിന്യങ്ങള്‍ ബയോഗ്യാസായി മാറ്റുകയും ആ വാതകം ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും അതുവഴി സംഭരിച്ച വൈദ്യുതിയില്‍ രാത്രിയില്‍ തെരുവുവിളക്കുകള്‍ കത്തിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ പ്രത്യേക ഇടം കണ്ടെത്തി.
പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിനു പരിഹാരം കാണാന്‍ 2016 കേരളപ്പിറവി ദിനത്തില്‍ പഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം നടപ്പാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധന പരിപാടി നിലവില്‍ വരുന്നതിന് ഒരുവര്‍ഷം മുന്‍പായിരുന്നു ഈ വിജ്ഞാപനം എന്നതു ശ്രദ്ധേയമാണ്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്ന വ്യാപാരികളില്‍നിന്ന് മാത്രമല്ല, ഉപഭോക്താക്കളില്‍ നിന്നും 1,000 രൂപ പിഴയായി ഈടാക്കുമെന്നായിരുന്നു ഈ വിജ്ഞാപനം. സാമൂഹികാരോഗ്യ കേന്ദ്രത്തിലും പരിസരങ്ങളിലും പ്ലാസ്റ്റിക് കര്‍ശനമായി നിരോധിച്ചു.
പഞ്ചായത്തിനു ലഭിച്ച പുരസ്‌കാരം പുതിയപദ്ധതികള്‍ക്കുള്ള പ്രചോദനമായിട്ടുണ്ട്. അജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിനായുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണിപ്പോള്‍ അധികൃതര്‍. ഹരിതകര്‍മ്മസേന വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തി വേങ്ങേരിയിലെ നിറവിന്റ സഹകരണത്തോടെ ഡോര്‍ ടു ഡോര്‍ പദ്ധതി തയാറായി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."