പന്നി ഫാമുകളുടെ മറവില്‍ അറവ് മാലിന്യ നിക്ഷേപം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
മാനന്തവാടി: തൊണ്ടര്‍നാട്ടില്‍ പന്നി ഫാമുകളുടെ പേരിലുള്ള അറവ് മാലിന്യ നിക്ഷേപം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നു. പഞ്ചായത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തിക്കുന്ന കരിമ്പില്‍ മാവള്ളിയിലെ പന്നി ഫാമിന്റെ മറവിലാണ് ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെ മാലിന്യമെത്തിച്ച് കുഴികളെടുത്ത് കുഴിച്ചു മൂടുന്നത്.
തൊണ്ടര്‍നാട് കുഞ്ഞോം മാവള്ളി നെടുമ്പിലാശ്ശേരി പ്രദേശത്തുകാരാണ് പന്നി ഫാമിന്റെ പേരില്‍ വീടുപേക്ഷിച്ചു പോകേണ്ടവിധം ദുരിതത്തിലായിരിക്കുന്നത്. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി തന്റെ കൈവശമുള്ള എട്ടോക്കറോളം ഭൂമിയിലാണ് പന്നിഫാം നടത്തി വരുന്നത്. നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്തിന്റെ യാതൊരു അനുമതിയില്ലാത്ത പന്നി ഫാം പൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ പ്രവര്‍ത്തിക്കുന്ന പന്നി ഫാമിന്റെ മറവിലാണ് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്നും അറവ് മാലിന്യങ്ങളെത്തിക്കുന്നത്.
മാലിന്യങ്ങള്‍ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചിടുന്നതായാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ കുഴിച്ചിട്ട മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ തോട്ടിലൂടെ ഒഴുകി പുഴകളിലേക്കുമെത്തുന്നു. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ പരിപാലിച്ചിരുന്ന മാവള്ളിത്തോട്ടില് പന്നി മാലിന്യം നിറഞ്ഞതോടെ ഈവര്‍ഷം മുതല്‍ തൊഴിലെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ല.
തൊണ്ടര്‍നാട് പഞ്ചായത്തിന്റെ ജലനിധി പദ്ധതിയിലേക്ക് വെള്ളം ശേഖരിക്കുന്ന പുഴയിലും ഈ മാലിന്യങ്ങളള്‍ കൂടിച്ചേരുന്നുണ്ട്. പന്നിഫാമിനെതിരെ ആരോഗ്യ വകുപ്പുള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയിട്ടും പഞ്ചായത് ആവശ്യമായ നടപടികളെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷേഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."