സംഗീത് വധം: രണ്ട് പേര്‍കൂടി പിടിയില്‍
പുത്തന്‍വേലിക്കര : യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ഭാഗത്തു താമസിക്കുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ പള്ളിമുക്ക് പാലത്രകിഴക്കേതില് കൃഷ്ണദേവ് (29), പുത്തന്‍വേലിക്കര മുതുപറമ്പ് വാഴപ്പിള്ളി ജഫ്രി (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടത്തിയത് ഇവരാണെന്നു പൊലീസ് പറഞ്ഞു.
കേസില്‍ ഇവരെ സഹായിച്ച സ്റ്റേഷന്‍കടവ് കോന്നംപറമ്പില്‍ അഖില്‍ (25), വാഴപ്പിള്ളി ലിപ്സണ്‍ (35) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. 24നു രാത്രി നടന്ന കൊലപാതകത്തില്‍ നമ്പ്രാത്ത് ശെല്‍വരാജിന്റെ മകന് സംഗീത് (19) ആണു മരിച്ചത്. ഒളാട്ടുപുറത്ത് ഫ്രാന്‍സിസിന്റെ മകന് ക്ലിന്റന് (26)നു കുത്തേറ്റു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും ക്ലിന്റനെയും തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്നു കൃഷ്ണദേവും ജഫ്രിയും ഒളിവിലായിരുന്നു. ഇന്നലെ ആലുവ ഭാഗത്തുവച്ചാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം, ആയുധം എന്നിവ പൊലീസ് കണ്ടെടുത്തു. ബൈക്ക് വാടകയ്ക്കെടുത്തു അപകടം വരുത്തിയതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
ആലുവ ഡിവൈ.എസ്.പി എന്‍.ആര്.ജയരാജ്, പറവൂര്‍ സിഐ ആര്.ഷാബു, പുത്തന്‍വേലിക്കര എസ്ഐ വി.എസ്.അനില്‍കുമാര്‍, പറവൂര്‍ എസ്ഐ വി.എസ്.പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കൃഷ്ണദേവിനെയും ജഫ്രിയെയും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."